വാഷിംഗ്ടൺ: ഖത്തറിനെതിരെ മിസൈലാക്രമണം നടത്തുന്നതിന് ഒരു മണിക്കൂർ മുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിവരമറിച്ചെന്ന് ആക്സിയോസ് റിപ്പോര്‍ട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ഇസ്രായേലിന്റെ നീക്കം നെതന്യാഹു രാവിലെ 7:45-ന് ട്രംപിനെ അറിയിച്ചതായി ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടർ ബറാക് റാവുദ് വെളിപ്പെടുത്തി.
ട്രംപിന്റെ പ്രതികരണം: നിഷേധിച്ച് രംഗത്ത്
അതേസമയം, ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് തനിക്ക് മുൻകൂട്ടി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ട്രംപ് പരസ്യമായി പറഞ്ഞിരുന്നു. തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ, “നെതന്യാഹു ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നോ?” എന്ന ചോദ്യത്തിന് “ഇല്ല, ഇല്ല, അവർ അങ്ങനെ ചെയ്തില്ല” എന്ന് ട്രംപ് മറുപടി നൽകി. മിസൈലുകൾ ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തുവിട്ട ശേഷമാണ് തനിക്ക് വിവരം ലഭിച്ചതെന്നും, അതിനാൽ ഇടപെടാൻ സമയം ലഭിച്ചില്ലെന്നും അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു.
റിപ്പോർട്ടർ ബറാക് റാവുദിന്റെ വെളിപ്പെടുത്തൽ
തന്റെ റിപ്പോർട്ട് 98 ശതമാനം കൃത്യമാണെന്ന് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ അറിയിച്ചതായി ബറാക് റാവുദ് പറഞ്ഞു. ശേഷിച്ച രണ്ട് ശതമാനം എന്താണെന്ന് ചോദിച്ചപ്പോൾ, ആക്രമണത്തെക്കുറിച്ച് ട്രംപിനെ അറിയിച്ച സമയം 8 മണിയല്ല, 7:45 ആണെന്ന് ഉദ്യോഗസ്ഥൻ തിരുത്തിയതായും റാവുദ് കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ട്രംപിന്റെയും നെതന്യാഹുവിന്റെയും നിലപാടുകളിലെ വൈരുദ്ധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.













