യുഎസ് H-1B വിസ ലഭിക്കാത്ത ടെക് വിദഗ്ധരെ ആകർഷിക്കാൻ കാനഡ, പ്രധാനമന്ത്രിയുടെ നിർണായക പ്രതികരണം

യുഎസ് H-1B വിസ ലഭിക്കാത്ത ടെക് വിദഗ്ധരെ ആകർഷിക്കാൻ കാനഡ, പ്രധാനമന്ത്രിയുടെ നിർണായക പ്രതികരണം

ലണ്ടൻ: യുഎസിൽ H-1B വിസ ലഭിക്കാൻ ബുദ്ധിമുട്ടുന്ന ടെക് മേഖലയിലെ ജീവനക്കാരെയും വിദഗ്ധരെയും രാജ്യത്തേക്ക് ആകർഷിക്കാൻ കാനഡ ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുതിയ വിസകൾക്ക് വലിയ തുക ഫീസ് ചുമത്തിയ പശ്ചാത്തലത്തിലാണ് കാനഡയുടെ ഈ നീക്കം.

“മുമ്പ് H-1B വിസകൾ ലഭിച്ചിരുന്നവരെ ആകർഷിക്കാനുള്ള അവസരം ഇപ്പോൾ കാനഡയ്ക്കുണ്ട് എന്നത് വ്യക്തമാണ്,” കാർണി ശനിയാഴ്ച ലണ്ടനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരത്തിൽ വിസ പ്രശ്നങ്ങൾ നേരിടുന്ന ധാരാളം തൊഴിലാളികൾ ടെക് മേഖലയിലുള്ളവരും ജോലിക്കായി സ്ഥലം മാറാൻ തയ്യാറുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ വിദഗ്ധരെ രാജ്യത്തേക്ക് കൊണ്ടുവരാൻ കമ്പനികൾ ആശ്രയിക്കുന്ന H-1B വിസകൾക്ക് ട്രംപ് ഭരണകൂടം $100,000 ഫീസ് ചുമത്തിക്കൊണ്ട് എക്സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കിയിരുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ വൈദഗ്ദ്ധ്യം ഉള്ള ആളുകളെ എത്തിക്കാൻ ഈ വിസയെ ആശ്രയിക്കുന്ന കമ്പനികൾക്ക ഈ നീക്കം തിരിച്ചടിയാണ്.

ഇത്തരത്തിലുള്ള പ്രതിഭകളെ ഉൾക്കൊള്ളാൻ വ്യക്തമായ പദ്ധതികൾ ഉണ്ടാകുമെന്നും കാർണി വ്യക്തമാക്കി. യുഎസിലേക്ക് എത്താൻ തടസ്സം നേരിടുന്ന വിദഗ്ധ തൊഴിലാളികൾക്ക് ബദൽ ലക്ഷ്യസ്ഥാനമായി ജർമ്മനിയും യുകെയും സ്വയം പ്രചാരണം നൽകുന്നതിനിടെയാണ് കാനഡയുടെയും ഈ പ്രഖ്യാപനം.

Share Email
LATEST
Top