ഒട്ടാവ: ഖാലിസ്ഥാൻ വാദികൾക്കെതിരെ കാനഡയുടെ വൻ നടപടി. ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ അടുത്ത സഹായിയായ ഇന്ദർജീത് സിംഗ് ഗോസൽ ഉൾപ്പെടെ മൂന്ന് ഖാലിസ്ഥാൻ ഭീകരരെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഭീകരവാദത്തിനെതിരെ നടപടിയെടുക്കാൻ കാനഡയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
സെപ്തംബർ 19 ന് ഒന്റാരിയോയിൽ വെച്ച് നടന്ന ഒരു വാഹന പരിശോധനയ്ക്കിടെയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ആയുധങ്ങളുമായി ബന്ധപ്പെട്ട വിവിധ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഖാലിസ്ഥാൻ വാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഡോവൽ കാനഡയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ അറസ്റ്റ്.
2023 ജൂണിൽ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ മരണശേഷം യു.എസ്. ആസ്ഥാനമായുള്ള ‘സിഖ്സ് ഫോർ ജസ്റ്റിസ്’ (SFJ) എന്ന ഖാലിസ്ഥാൻ സംഘടനയുടെ പ്രധാന കനേഡിയൻ സംഘാടകനായിരുന്നു ഗോസൽ. ഖാലിസ്ഥാൻ വാദികളോട് കാനഡ മുമ്പ് സ്വീകരിച്ചുവന്ന മൃദുസമീപനത്തിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.