കുടിയേറ്റക്കാർക്കെതിരെ നടപടികൾ കർശനമാക്കാൻ ചിക്കാഗോ, ഫെഡറൽ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ വ്യാപക വിമർശനം

കുടിയേറ്റക്കാർക്കെതിരെ നടപടികൾ കർശനമാക്കാൻ ചിക്കാഗോ, ഫെഡറൽ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ വ്യാപക വിമർശനം

ഷിക്കാഗോ: ഫെഡറൽ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തിനിടെ കുടിയേറ്റക്കാർക്കെതിരെ നടപടികൾ കർശനമാക്കാൻ ചിക്കാഗോ. കുറ്റകൃത്യങ്ങൾക്കും കുടിയേറ്റ നിയമങ്ങൾക്കുമെതിരായ ഫെഡറൽ നടപടികൾ വർദ്ധിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ, ട്രംപും ഷിക്കാഗോയിലെ ഡെമോക്രാറ്റുകളും തമ്മിലുള്ള വാഗ്വാദങ്ങൾ കഴിഞ്ഞ ഒരാഴ്ചയായി രൂക്ഷമായിരിക്കുകയാണ്.

ഇതിനിടെ, ഫെഡറൽ സൈന്യത്തെ നഗരത്തിലേക്ക് അയക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസണും ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറും രംഗത്തെത്തി.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഷിക്കാഗോ നഗരത്തിന് മുന്നിൽ നിൽക്കുന്ന ഒരു ചിത്രം ട്രംപ് പങ്കുവെച്ചു. “ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാർ” എന്ന് പെന്റഗണിനെ പുനർനാമകരണം ചെയ്തതിനെക്കുറിച്ചും ചിത്രത്തിൽ സൂചനകളുണ്ടായിരുന്നു.

ട്രംപ് ഷിക്കാഗോക്കെതിരെ യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന് ഇല്ലിനോയിസ് ഗവർണർ പ്രിറ്റ്‌സ്‌കർ വിമർശിച്ചു. “ഇതൊരു സാധാരണ കാര്യമല്ല. ഡൊണാൾഡ് ട്രംപ് ഒരു ശക്തനല്ല, മറിച്ച് ഭയചകിതനാണ്. സ്വേച്ഛാധിപതിയാകാൻ ആഗ്രഹിക്കുന്ന ഒരാളുടെ ഭീഷണിയിൽ ഭയപ്പെടില്ലെന്നും പ്രിറ്റ്‌സ്‌കർ എക്സിൽ കുറിച്ചു.

ട്രംപിൻ്റെ ഭീഷണികൾ നമ്മുടെ രാജ്യത്തിൻ്റെ അന്തസ്സിന് നിരക്കാത്തതാണെന്നും നമ്മുടെ നഗരം കൈയടക്കി ഭരണഘടന തകർക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും മേയർ ജോൺസൺ പറഞ്ഞു. നമ്മുടെ ജനാധിപത്യത്തെ ഈ സ്വേച്ഛാധിപത്യത്തിൽ നിന്ന് സംരക്ഷിക്കാൻ പരസ്പരം സംരക്ഷിക്കുകയും ട്രംപിൽ നിന്ന് ഷിക്കാഗോയെ കാക്കുകയും വേണമെന്നും മേയർ കൂട്ടിച്ചേർത്തു.

ഷിക്കാഗോ അടക്കമുള്ള അമേരിക്കൻ നഗരങ്ങളിൽ സൈന്യത്തെ വിന്യസിക്കാൻ ഡൊണാൾഡ് ട്രംപ് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇതിന് മുന്നോടിയായി, വാഷിംഗ്ടൺ ഡി.സി.യിലെ പോലീസ് വകുപ്പിനെ ഫെഡറൽ ഭരണത്തിന് കീഴിലാക്കിയിരുന്നു.

വാഷിംഗ്ടൺ പോസ്റ്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഷിക്കാഗോയിൽ സൈനിക വിന്യാസം നടത്തുന്നത് സംബന്ധിച്ച് പെന്റഗൺ ആലോചിക്കുന്നുണ്ട്. തൻ്റെ നഗരങ്ങളിൽ ‘കഴിവില്ലാത്ത’ മേയർമാരാണുള്ളതെന്നും തന്റെ നഗരങ്ങളിലെ കുറ്റകൃത്യങ്ങളും അനധികൃത കുടിയേറ്റവും നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സൈന്യത്തെ വിന്യസിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
വാഷിംഗ്ടൺ ഡി.സി., ഷിക്കാഗോ എന്നിവയ്ക്ക് പുറമെ ന്യൂയോർക്കിനെയും സൈനിക ഭരണത്തിന് കീഴിലാക്കാൻ ട്രംപ് നേരത്തെ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Share Email
LATEST
Top