ചൈനയുടെ മുൻ കൃഷി, ഗ്രാമകാര്യ മന്ത്രിയായിരുന്ന താങ് റെൻജിയാന് കൈക്കൂലിക്കേസിൽ വധശിക്ഷ വിധിച്ചു. ജിലിൻ പ്രവിശ്യയിലെ ഒരു കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. 2007 മുതൽ 2024 വരെയുള്ള കാലയളവിൽ വഹിച്ച വിവിധ പദവികളിലിരുന്ന് താങ് റെൻജിയാൻ, പണമായും സ്വത്തുക്കളായും 268 ദശലക്ഷം യുവാൻ (ഏകദേശം $37.6 ദശലക്ഷം) മൂല്യമുള്ള കൈക്കൂലി കൈപ്പറ്റിയതായി റിപ്പോർട്ടിൽ പറയുന്നു.
ചാങ്ചുൻ ഇൻ്റർമീഡിയറ്റ് പീപ്പിൾസ് കോടതിയാണ് ശിക്ഷ വിധിച്ചത്. എന്നാൽ, പ്രതി കുറ്റം സമ്മതിച്ചതിനാൽ വധശിക്ഷ രണ്ട് വർഷത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
കൈക്കൂലി വിരുദ്ധ നിരീക്ഷണ ഏജൻസിയുടെ അന്വേഷണത്തിന് വിധേയനാവുകയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്തതിന് ആറുമാസത്തിന് ശേഷം, 2024 നവംബറിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് താങ്ങിനെ പുറത്താക്കിയിരുന്നു. മുൻ പ്രതിരോധ മന്ത്രിമാരായ ലി ഷാങ്ഫു, വെയ് ഫെങ്ഹെ എന്നിവർക്കെതിരെ നടന്നതിന് സമാനമായി, താങ്ങിനെതിരായ അന്വേഷണം അസാധാരണമാംവിധം വേഗത്തിലായിരുന്നു.