നാഗ്‌പുർ: തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ‘കുട്ടിക്കളിയാണെ’ന്ന് മഹാരാഷ്ട്ര എൻ.സി.പി. അജിത്പ്രത് പവാർ വിഭാഗം പ്രസിഡന്റ് സുനിൽ തത്കരെ. വോട്ട് മോഷണമെന്നതുകൊണ്ട് രാഹുൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, എൻഡിഎ സഖ്യത്തിൻ്റെ ലോക്‌സഭയിലെ വിജയം അംഗീകരിച്ച അദ്ദേഹത്തിന് നിയമസഭകളിൽ കോൺഗ്രസിന് ഉണ്ടാകുന്ന പരാജയം ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നും തത്കരെ പറഞ്ഞു.
വോട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് രാഹുലിന് അറിവില്ലായിരിക്കാം. അതാകും ഇത്തരം ബാലിശമായ ആരോപണങ്ങൾ ഉയർത്തുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ തുടർച്ചയായി നടക്കുന്ന പ്രക്രിയയാണ്. പാർട്ടി പ്രവർത്തകർ ബൂത്ത് ലെവൽ ഓഫീസർമാരായി പ്രവർത്തിക്കാറുണ്ട്. തിരഞ്ഞെടുപ്പ് വേളയിൽ എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ ബൂത്തുകളിൽ ഉണ്ടാവാറുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഉപദേശകർ ഇക്കാര്യങ്ങൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടാകില്ലെന്നും തത്കരെ കുറ്റപ്പെടുത്തി.
വോട്ട് ക്രമക്കേടിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ തെളിവുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ആരോപണങ്ങൾ ഉന്നയിച്ചത്. നിലവിലെ തെളിവുകളനുസരിച്ച് കർണാടകയിലെ അലന്ദ മണ്ഡലത്തിൽ മാത്രം 6018 വോട്ടുകളാണ് വെട്ടിമാറ്റിയത്. മഹാരാഷ്ട്ര, ഹരിയാന യുപി എന്നിവിടങ്ങളിലും സമാന രീതിയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് സാധാരക്കാരുടെ വോട്ടുകളാണ് വെട്ടിനീക്കിയത്. പ്രതിപക്ഷ പാർട്ടികളേയും ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ചാണ് ക്രമക്കേട് നടന്നതെന്ന് രാഹുൽ ഗാന്ധി പറയുന്നു.
കേന്ദ്രീകൃത സംവിധാനം തന്നെ ക്രമക്കേടിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് വോട്ടുകൾ ഡിലീറ്റ് ചെയ്തിരിക്കുന്നത്. വ്യാജ ലോഗിൻ, ഒടിപി, എന്നിവ ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ നിന്ന് വോട്ടുകൾ നീക്കം ചെയ്തിരിക്കുന്നത്. ഒരേ നമ്പർ ഉപയോഗിച്ച് 12 പേരുടെ വോട്ടുകൾ തന്നെ മാറ്റിയതിന് തെളിവുകളുണ്ട്. വോട്ട് വെട്ടിയതിനു പുറമെ നിരവധി വ്യാജ വോട്ടുകൾ ചേർക്കുകയും ചെയ്തിരിക്കുന്നു.എന്നും രാഹുൽ ആരോപിച്ചിട്ടുണ്ട്.













