ദുരന്തം വിളിച്ചുവരുത്തി കരൂർ റാലി; പ്രതികരിക്കാതെ വിജയ്, കേസെടുക്കാൻ സാധ്യത

ദുരന്തം വിളിച്ചുവരുത്തി കരൂർ റാലി; പ്രതികരിക്കാതെ വിജയ്, കേസെടുക്കാൻ സാധ്യത

തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ കരൂർ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സെക്രട്ടറിയേറ്റിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. കളക്ടർമാരും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. തമിഴ്നാട് സിപിഎം രംഗത്തെത്തി മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. ടിവികെ റാലികൾക്ക് ഹൈക്കോടതി നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു, എന്നാൽ ഇതും മറികടന്നാണ് റാലി നടത്തിയത്.

ദുരന്തത്തിൽ ഇതുവരെ 36 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 6 കുട്ടികളും ഉൾപ്പെടുന്നു. 12 പേർ അതീവ ഗുരുതരാവസ്ഥയിലാണ്, 58 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. വിജയ്‌യുടെ പ്രസംഗത്തിനിടെ ആംബുലൻസുകൾ എത്തി ആളുകളെ കൊണ്ടുപോയി, അതോടെ വിജയ് പ്രസംഗം നിർത്തി കാരവാനിലേക്ക് മടങ്ങി. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

വിജയുടെ സംസ്ഥാന പര്യടനം സെപ്റ്റംബർ 13-ന് തിരുച്ചിറപ്പള്ളി അറിയാളൂരിൽ നിന്നാണ് തുടങ്ങിയത്. ആദ്യ റാലി തന്നെ മണിക്കൂറുകൾ നീണ്ട ഗതാഗത തടസവും ആൾക്കൂട്ടവും കാരണം അലങ്കോലമായിരുന്നു. ഡിസംബർ 20-ന് പര്യടനം അവസാനിക്കുമെന്നായിരുന്നു ആദ്യ തീരുമാനം, എന്നാൽ ജനുവരിയിലേക്ക് നീളുമെന്ന് ടിവികെ കഴിഞ്ഞ ദിവസം അറിയിച്ചു. ഇന്ന് വേലുച്ചാമി പുരത്തേക്ക് വിജയുടെ കോൺവോയ് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

Share Email
LATEST
Top