മാംസാഹാരം ആരോഗ്യത്തിന് ഹാനികരമാണെന്ന ആശങ്കകൾക്കിടയിലാണ് കാനഡയിൽ നിന്നുള്ള പുതിയ പഠനം പുറത്തുവന്നത്. ഹാമിൽട്ടണിലെ മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പ്രകാരം, മാംസത്തിൽ നിന്നുള്ള പ്രോട്ടീനുകൾ കാൻസർ സാധ്യത വർധിപ്പിക്കുന്നില്ല. മറിച്ച്, വളരെ നേരിയ തോതിൽ രോഗത്തെ പ്രതിരോധിക്കാനും അത് സഹായിക്കാം.
16,000 ആളുകളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പഠനം നടന്നത്. മാംസത്തിൽ നിന്ന് സസ്യാധിഷ്ഠിത പ്രോട്ടീനുകളിലേക്ക് മാറുന്നത് കാൻസർ പ്രതിരോധം വർധിപ്പിക്കുന്നതിൽ കാര്യമായ മാറ്റമുണ്ടാക്കുന്നില്ലെന്ന് പഠനം പറയുന്നു.
മാംസത്തിന്റെ ഉപയോഗം മാത്രമല്ല കാൻസർ സാധ്യത വർധിപ്പിക്കുന്നത്. ഭക്ഷണം എങ്ങനെ തയ്യാറാക്കുന്നുവെന്നത് നിർണായകമാണ്. ടിക്കയുടെയോ എണ്ണയിൽ വറുത്തെടുത്ത ബർഗർ പാറ്റിയുടേയോ അത്ര പ്രശ്നങ്ങൾ ഉണ്ടാക്കുന്നതല്ല ഒരു സാധാരണ കറി. ഉയർന്ന താപനിലയിൽ പാചകം ചെയ്യുന്നത് മാംസത്തിലെ അമിനോ ആസിഡുകളും പ്രോട്ടീനുകളും വിഘടിച്ച് അർബുദകാരിയായ നൈട്രോസാമൈനുകൾ ഉണ്ടാകാൻ കാരണമാകുന്നു. ജപ്പാനിലെ ആളുകൾ ചെയ്യുന്നതുപോലെ സ്റ്റ്യൂ ഉണ്ടാക്കുന്നത്, വറുക്കുകയോ ബാർബിക്യൂ ചെയ്യുകയോ ചെയ്യുന്ന യു.എസ് രീതിയെക്കാൾ നല്ലതാണെന്നും വിദഗ്ദർ ചുണ്ടിക്കാട്ടുന്നു. ഭക്ഷ്യവസ്തുക്കളിൽ ചില പ്രിസർവേറ്റീവുകൾ ചേർക്കുന്നത് അർബുദകാരിയായ സംയുക്തങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുമെന്ന് നേരത്തെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
പുതിയ കണ്ടെത്തലുകളിങ്ങനെ..
19 വയസ്സിനു മുകളിലുള്ള 15,937 ആളുകളുടെ ഭക്ഷണ രീതികളെ അടിസ്ഥാനമാക്കി നടത്തിയ പഠനം കാണിക്കുന്നത്, മൃഗങ്ങളുടെയോ സസ്യങ്ങളുടെയോ പ്രോട്ടീനുകളുടെ പതിവ് ഉപഭോഗം ഏതെങ്കിലും കാരണത്താൽ മരണ സാധ്യതയെ സ്വാധീനിക്കുന്നില്ല എന്നാണ്. കാൻസറുമായി ബന്ധപ്പെട്ട്, മാംസത്തിലെ പ്രോട്ടീനുകൾ നേരിയ സംരക്ഷണം നൽകുന്നു. അതേസമയം സസ്യ പ്രോട്ടീനുകൾക്ക് ഒരു സ്വാധീനവുമില്ലെന്നും ഗവേഷകർ കണ്ടെത്തി.
സമാനമായ ഡാറ്റ സെറ്റുകൾ ഉപയോഗിച്ച് മുമ്പ് മറ്റൊരു ഗവേഷണ സംഘം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെ അപ്പാടെ തിരുത്തുന്നതാണ് പുതിയ പഠനമെന്നതും ശ്രദ്ധേയമാണ്. 50 നും 65 നും ഇടയിൽ പ്രായമുള്ള മാംസാഹാരികളിൽ, സസ്യാഹാരികളെ അപേക്ഷിച്ച് കാൻസർ സാധ്യത നാലുമടങ്ങ് വർധിക്കുന്നുവെന്നായിരുന്നു മുൻ പഠനത്തിലെ കണ്ടെത്തൽ.
യഥാർഥ ഉപഭോഗത്തിന് പകരം നിർദിഷ്ട അളവുകൾ പരിഗണിച്ചതാണ് പഠനങ്ങളിലെ വൈരുധ്യങ്ങൾക്ക് കാരണമായതെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. പുതിയ പഠനത്തിൽ കൃത്യമായ നിലവാര മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയിരുന്നുവെന്ന് മക്മാസ്റ്റർ സർവകലാശാലയിലെ കൈനേഷ്യോളജി വിഭാഗം പ്രൊഫസറും ചെയർമാനുമായ സ്റ്റുവർട്ട് ഫിലിപ്സ് വ്യക്തമാക്കി.
സസ്യാധിഷ്ഠിത പ്രോട്ടീനുകളിലേക്ക് മാറണോ?
‘സോയാബീൻ, ബീൻസ്, പയർ തുടങ്ങിയ സസ്യാധിഷ്ഠിത സ്രോതസ്സുകളിൽ നിന്ന് ആവശ്യമായ അളവിൽ പ്രോട്ടീൻ ലഭ്യമാകും. മാംസാഹാരം കഴിക്കുന്നവർക്ക് അത് തുടരാം. ഏതെങ്കിലും ഒരു രീതി നിർദേശിക്കുന്നത് ഗുണകരമാവില്ല, പ്രത്യേകിച്ച് പ്രത്യേക ആരോഗ്യപ്രശ്നങ്ങളോ വേറിട്ട ഗുണങ്ങളോ ചൂണ്ടിക്കാണിക്കാനില്ലാത്തിടത്തോളം’- പഠനം പറയുന്നു.
മാംസ ഭക്ഷണത്തെ പ്രോട്ടീനിനായി ആശ്രയിക്കുമ്പോൾ, മത്സ്യവും കോഴിയിറച്ചിയും കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. വിവിധ സംയുക്തങ്ങളിൽ ‘കാൻസറിന് കാരണമാകുന്ന സ്വഭാവം’ പരിശോധിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ഏജൻസിയായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ, ചുവന്ന മാംസത്തിന്റെ അമിത ഉപയോഗം ചില തരം കാൻസറുകളുടെ സാധ്യത നേരിയ തോതിൽ വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചുവന്ന മാംസത്തിന്റെ ഉപഭോഗം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
എത്ര പ്രോട്ടീൻ കഴിക്കണം? ആരോഗ്യകരമായ രീതി?
ഒരു വ്യക്തി പ്രതിദിനം ശരീരഭാരത്തിൽ കിലോഗ്രാമിന് 0.8 ഗ്രാം പ്രോട്ടീൻ കഴിക്കണമെന്നാണ് ലോകാരോഗ്യസംഘന നിർദേശിക്കുന്നത്. ദൈനംദിന ഊർജ്ജ ആവശ്യകതയുടെ 10 മുതൽ 35 ശതമാനം വരെ പ്രോട്ടീനുകൾ ആവുന്നതാണ് ഉത്തമം.
ഇന്ത്യൻ ഭക്ഷണക്രമത്തിൽ കാർബോഹൈഡ്രേറ്റ് കൂടുതലായതിനാൽ, പ്രോട്ടീനുകളുടെ അളവിൽ കുറവ് പതിവാണ്. അരിയും റൊട്ടിയുമടക്കമുള്ള ഭക്ഷണത്തിൻറെ അളവ് കുറക്കുകയും പ്രോട്ടീൻ ഘടകം ഭക്ഷണത്തിൽ നാലിലൊന്നായി വർദ്ധിപ്പിക്കാനുമാണ് ഡോക്ടർമാർ നൽകുന്ന ശിപാർശ.
Does Eating Meat Cause Cancer? New Study Says There’s No Need to Worry That Much