ഡോ. ദീപക് മിത്തൽ യു.എ.ഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ

ഡോ. ദീപക് മിത്തൽ യു.എ.ഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ

ഡോ. ദീപക് മിത്തലിനെ യു.എ.ഇയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 1998 ബാച്ച് ഐ.എഫ്.എസ്. ഓഫിസറായ അദ്ദേഹം 2023വരെ ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഡീഷനൽ സെക്രട്ടറിയുടെ ചുമതല വഹിച്ചുവരികയാണ്.

2021 മുതൽ യു.എ.ഇയിലെ അംബാസഡറായ സഞ്ജയ് സുധീർ സെപ്റ്റംബർ 30ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ അംബാസഡറെ നിയമിച്ചിരിക്കുന്നത്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്രബന്ധം വളരെ ശക്തമായ സാഹചര്യത്തിൽ, ഗൾഫ് മേഖലയിൽ അനുഭവ സമ്പന്നനായ മുതിർന്ന നയതന്ത്രജ്ഞൻ ഡോ. മിത്തൽ അംബാസഡർ ചുമതലയിലേക്ക് വരുന്നത് പ്രതീക്ഷയോടെ വീക്ഷിക്കപ്പെടുന്നു. ചുമതലയേൽക്കുന്ന തീയതിയും മറ്റും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

1972-ലാണ് ഇന്ത്യയും യു.എ.ഇയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിതമായത്. നിലവിൽ 43ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ യുഎഇയിൽ താമസിക്കുന്നു. എക്കാലവും മികച്ച സൗഹൃദം സൂക്ഷിച്ച ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം 2015-ൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെയാണ് കൂടുതൽ ശക്തമായത്. തുടർന്ന്, ഇന്ത്യയുടെയും യു.എ.ഇയുടെയും ഭരണാധികാരികൾ പലതവണ സന്ദർശനങ്ങൾ നടത്തുകയും വിവിധ മേഖലകളിൽ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.

യു.എ.ഇയും ഇന്ത്യയും തമ്മിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ (CEPA) ഒപ്പുവെച്ചതിനു ശേഷം, വ്യാപാര-വാണിജ്യ ബന്ധവും അതിവേഗം വളരുകയാണ്.

Dr. Deepak Mittal appointed as India’s new Ambassador to the UAE

Share Email
LATEST
Top