വേഗതയും കാര്യക്ഷമതയും ലക്ഷ്യമിട്ട് സൗദിയിൽ ഡ്രോൺ ഡെലിവറി പരീക്ഷണം

വേഗതയും കാര്യക്ഷമതയും ലക്ഷ്യമിട്ട് സൗദിയിൽ ഡ്രോൺ ഡെലിവറി പരീക്ഷണം

സൗദിയിൽ ഡ്രോണുകൾ ഉപയോഗിച്ച് തപാൽ പാർസലുകൾ എത്തിക്കുന്നതിനുള്ള ആദ്യ പരീക്ഷണം നടന്നു. ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തെ അരാമെക്സ് ലോജിസ്റ്റിക് സ്ഥാപനം മുതൽ ബലദ് ഡിസ്ട്രിക്ടിലെ നാഷണൽ കൊമേഴ്‌സ്യൽ ബാങ്കിന്റെ ആസ്ഥാനവരെ ബന്ധിപ്പിച്ചാണ് പരീക്ഷണ ഡെലിവറി നടന്നത്. ഗതാഗത, ലോജിസ്റ്റിക്‌സ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹിയുടെ സാന്നിധ്യത്തിൽ സിവിൽ ഏവിയേഷൻ അതോരിറ്റി നടത്തിയ ചടങ്ങിലാണ് പരീക്ഷണം അരങ്ങേറിയത്. ഗതാഗത മന്ത്രാലയവും ജനറൽ അതോരിറ്റി ഓഫ് സിവിൽ ഏവിയേഷനും ചേർന്നാണ് പദ്ധതി വികസിപ്പിച്ചത്.

ഡ്രോൺ ഡെലിവറി ഉപഭോക്താക്കൾക്കും സമൂഹത്തിനും നിരവധി ആനുകൂല്യങ്ങൾ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. നഗരങ്ങളിലോ ദൂരെ പ്രദേശങ്ങളിലോ വേഗതയേറിയ, കാര്യക്ഷമമായ ഡെലിവറികൾ സാധ്യമാക്കാൻ കഴിയുന്ന സംവിധാനമാണിത്. കൂടാതെ വിശ്വാസനീയവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരങ്ങളിലൂടെ സൗദിയുടെ സ്ഥിരതാ ലക്ഷ്യങ്ങൾ നേടാൻ ശ്രമങ്ങൾക്കും ഇത് പിന്തുണ നൽകും.

തപാൽ പാർസൽ മേഖലയിൽ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷണം വലിയൊരു മാറ്റത്തിന് വഴിവെക്കും എന്ന് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് പറഞ്ഞു. ഡെലിവറി സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും, ഡിജിറ്റൽ പരിവർത്തനങ്ങളോട് ചേർന്ന് പുതിയ പരിഹാരങ്ങൾ വികസിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് ഇത് വഴിതെളിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

തപാൽ, ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്തുക, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുക, മേഖലയിൽ നടക്കുന്ന വേഗത്തിലുള്ള മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവ സൗദിയുടെ പ്രധാന ലക്ഷ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡ്രോൺ ഡെലിവറി പരീക്ഷണം വേഗതയേറിയ, സുസ്ഥിരവും നൂതനവുമായ ലോജിസ്റ്റിക് പരിഹാരങ്ങളിലേക്കുള്ള വലിയൊരു മുന്നേറ്റമാണെന്ന് സിവിൽ ഏവിയേഷൻ അതോരിറ്റിയിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ സുലൈമാൻ അൽ മുഹൈമീദ് പറഞ്ഞു. ഡ്രോണുകൾ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും ഗുണനിലവാര ചട്ടങ്ങളും പാലിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതിനായി ശക്തമായ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാവിയിൽ വ്യോമയാനത്തിലും ലോജിസ്റ്റിക് മേഖലയിലും നൂതന ആശയങ്ങൾക്ക് പുതിയ വഴികൾ തുറക്കുന്നതിന് ഡ്രോൺ ഡെലിവറി പരീക്ഷണം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മേഖലയുടെ വികസനവുമായി പൊരുത്തപ്പെടുന്ന ആധുനിക പ്രവർത്തന രീതികളും ഇതിനൊപ്പം നടപ്പിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Drone Delivery Trial in Saudi Arabia Aims for Speed and Efficiency

Share Email
LATEST
Top