മീററ്റ്: വിവസ്ത്രരായി എത്തി ഭീതി പരത്തുകയും, ഒറ്റയ്ക്കാണെന്ന് കണ്ടാൽ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന ഒരു സംഘത്തെക്കുറിച്ചുള്ള വാർത്തകൾ ഉത്തർപ്രദേശിലെ മീററ്റിന് സമീപമുള്ള ഗ്രാമങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. നഗ്നരായി സംഘം ചേർന്ന് എത്തുന്നതിനാൽ ഗ്രാമവാസികൾ ഇവർക്ക് ‘നഗ്നസംഘം’ എന്ന് പേര് നൽകി. തുടരെത്തുടരെ സ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ, ഇതുവരെ പ്രതികളെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നിലവിൽ ഡ്രോണുകൾ ഉപയോഗിച്ച് ഗ്രാമത്തിലെ കൃഷിയിടങ്ങളിലും വിജനമായ മേഖലകളിലും മീററ്റ് പോലീസ് തിരച്ചിൽ നടത്തുകയാണ്.
ആക്രമണങ്ങളുടെ തുടക്കം
ദൗരലയിലെ ഒരു പെൺകുട്ടിക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നീണ്ട മുടിയുള്ള രണ്ട് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്നും, അവർ നഗ്നരായിരുന്നെന്നും പെൺകുട്ടി മൊഴി നൽകി. വയലിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. ആദ്യമൊക്കെ ഇതൊരു ഒറ്റപ്പെട്ട സംഭവമായി പോലീസ് കരുതിയിരുന്നുവെങ്കിലും, പിന്നീട് സമാന സംഭവങ്ങൾ ആവർത്തിച്ചു.
പിന്നീട് ഭരാല ഗ്രാമത്തിലെ ഒരു വീട്ടമ്മയാണ് നഗ്നസംഘത്തിന്റെ അടുത്ത ആക്രമണത്തിന് ഇരയായത്. ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവരെ വഴിയിൽവെച്ച് രണ്ട് യുവാക്കൾ വയലിലേക്ക് വലിച്ചിഴച്ചു. ഉച്ചത്തിൽ നിലവിളിച്ചതുകൊണ്ട് സ്ത്രീ രക്ഷപ്പെട്ടോടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമവാസികൾ സ്ഥലമെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. യുവാക്കൾ വിവസ്ത്രരായിരുന്നെന്നും നീളമുള്ള മുടിയുണ്ടായിരുന്നെന്നും സ്ത്രീ പറഞ്ഞു.
പിന്നീട് മീററ്റിന് സമീപത്തെ മറ്റ് രണ്ടിടങ്ങളിലും സമാന സംഭവങ്ങൾ ആവർത്തിച്ചതോടെ പോലീസ് വിഷയം ഗൗരവമായി എടുത്തു. ഇതോടെയാണ് പ്രതികൾക്കായി ഡ്രോൺ പരിശോധന ആരംഭിച്ചത്. നിരീക്ഷണത്തിനായി സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, നഗ്നസംഘത്തിന്റെ ആക്രമണങ്ങൾക്ക് ഇരയായ കൂടുതൽ സ്ത്രീകൾ ഉണ്ടെന്നും, നാണക്കേട് ഭയന്ന് പലരും ഇത് പുറത്തുപറയുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കിംവദന്തികളോ?
ഇതൊരു കെട്ടുകഥയാണെന്നും, ചിലർ പരത്തുന്ന കിംവദന്തികൾ മാത്രമാണെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. സർക്കാരിന്റെയും പോലീസിന്റെയും പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ കഥകൾ പ്രചരിപ്പിക്കുന്നതെന്നാണ് അവരുടെ ആരോപണം.
Police in Meerut have launched a drone search operation to catch a group of men, dubbed the ‘Naked Gang,’ who are allegedly attacking and sexually assaulting women