ദുബൈ വിമാനത്താവളത്തിൽ കേൾവി പരിമിതർക്കായി 520 ഹിയറിങ് ലൂപ്പുകൾ സ്ഥാപിച്ചു

ദുബൈ വിമാനത്താവളത്തിൽ കേൾവി പരിമിതർക്കായി 520 ഹിയറിങ് ലൂപ്പുകൾ സ്ഥാപിച്ചു

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേൾവി പരിമിതരായ യാത്രക്കാർക്ക് സഹായം ലഭ്യമാക്കുന്നതിനായി പുതിയ സൗകര്യം ഒരുക്കി. മൂന്നു ടെർമിനലുകളിലുമായി 520 ഹിയറിങ് ലൂപ്പുകളാണ് സ്ഥാപിച്ചതെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ചെക്ക് ഇൻ കൗണ്ടറുകൾ, ഇമിഗ്രേഷൻ ഡെസ്കുകൾ, ബോർഡിങ് ഗേറ്റുകൾ, ഇൻഫർമേഷൻ ഡെസ്കുകൾ എന്നിവിടങ്ങളിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

കേൾവി എയ്‌ഡുകളിൽ ‘ടി’ (ടെലികോയിൽ) സെറ്റിങ്‌സ് സജീവമാക്കിയാൽ യാത്രക്കാർക്ക് ഹിയറിങ് ലൂപ്പുകൾ വഴി സേവനം ലഭ്യമാകും. ഇതിനായി വേറെ ഉപകരണങ്ങൾ പെയർ ചെയ്യേണ്ടതില്ല. സംവിധാനത്തിന്റെ ഉപയോഗത്തിൽ സഹായിക്കാനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

സാധാരണ ഹിയറിങ് എയ്‌ഡുകളിൽ നിന്ന് വ്യത്യസ്തമായി, ഹിയറിങ് ലൂപ്പുകൾ ശബ്ദക്കുഴപ്പം ഒഴിവാക്കി ദൂരത്ത് നിന്നുമുള്ള നിർദേശങ്ങളും വ്യക്തമായി കേൾക്കാൻ സഹായിക്കും. ഇതിലൂടെ കേൾവി പരിമിതർക്ക് യാത്രയ്ക്കിടെ കൂടുതൽ സൗകര്യവും സുരക്ഷയും ഉറപ്പാക്കാനാകും.

എല്ലാ വിഭാഗം യാത്രക്കാർക്കും സൗകര്യപ്രദമായ സേവനം ഒരുക്കാനുള്ള ദുബൈയുടെ യൂണിവേഴ്സൽ ഡിസൈൻ കോഡ് അനുസരിച്ചാണ് ഹിയറിങ് ലൂപ്പ് സംവിധാനം ഒരുക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് മാനസിക സമ്മർദം കുറക്കാൻ ‘സ്ട്രസ് റിലീഫ് ഏരിയ’ 2024ൽ ടെർമിനൽ രണ്ടിൽ ആരംഭിച്ചിരുന്നു. വീൽചെയർ സൗകര്യത്തോടെയുള്ള ഈ പ്രദേശത്ത് ഓട്ടിസം ബാധിതർ, കാഴ്ചയും കേൾവിയും പരിമിതരായവർ എന്നിവർക്കായി പ്രത്യേക ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Dubai Airport Installs 520 Hearing Loops for Passengers with Hearing Impairments

Share Email
Top