ന്യൂ ജേഴ്‌സി: ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി ഇലോൺ മസ്കിന് നഷ്ടമായി. ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ആദ്യമായി ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറി. ഏകദേശം ഒരു വർഷത്തോളം ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മസ്കിനായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഒറാക്കിളിന്റെ വരുമാന റിപ്പോർട്ട് വന്നതോടെ എലിസണിൻ്റെ സമ്പത്ത് 101 ബില്യൺ ഡോളർ വർധിച്ച് 393 ബില്യൺ ഡോളറിലെത്തി. ഇതോടെ മസ്കിൻ്റെ 385 ബില്യൺ ഡോളറിനെ മറികടന്ന് എലിസൺ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി. ബ്ലൂംബെർഗ് സൂചിക ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഒരു ദിവസത്തെ ഏറ്റവും വലിയ വർധനവാണിത്. ഒറാക്കിളിന്റെ സഹസ്ഥാപകനും നിലവിൽ ചെയർമാനും ചീഫ് ടെക്നോളജി ഓഫീസറുമായ 81കാരനായ എലിസണിൻ്റെ ആസ്തിയുടെ ഭൂരിഭാഗവും ഡാറ്റാബേസ് സോഫ്റ്റ്‌വെയർ കമ്പനിയിലാണ്.
ഈ വർഷം ഇതിനകം 45 ശതമാനം നേട്ടമുണ്ടാക്കിയ ഒറാക്കിളിന്റെ ഓഹരികൾ ബുധനാഴ്ച 41 ശതമാനം ഉയർന്നു. കമ്പനിയുടെ ബുക്കിംഗുകളിലും വലിയ വർധനവ് രേഖപ്പെടുത്തി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കുതിപ്പാണിത്.
എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) കമ്പനികളുടെ കമ്പ്യൂട്ടിങ് പവർ ആവശ്യകതകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലുള്ള ഒറാക്കിളിൻ്റെ മുന്നേറ്റമാണ് ഈ വളർച്ചയ്ക്ക് കാരണം. ക്ലൗഡ് സേവനങ്ങളിലും ഡാറ്റാബേസ് സോഫ്റ്റ്‌വെയർ ദാതാക്കളിലുമുള്ള ഒറാക്കിളിന്റെ വളർച്ചക്ക് ഇത് വലിയ രീതിയിൽ സഹായിച്ചു. കഴിഞ്ഞ ജൂലൈയിൽ, ഓപ്പൺ എഐക്ക് എഐ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാൻ 4.5 ജിഗാവാട്ട് വൈദ്യുതി നൽകാൻ ഒറാക്കിൾ കരാറുണ്ടാക്കിയിരുന്നു. എഐ സാങ്കേതിക വിദ്യയിൽ സമീപ വർഷങ്ങളിൽ ഒരു വൻശക്തിയായി മാറിയതോടെ ഒറാക്കിൾ വൻ കുതിപ്പാണ് നടത്തുന്നത്.
അതേസമയം, ടെസ്‌ലയുടെ ഓഹരികൾ ഈ വർഷം 13 ശതമാനം ഇടിഞ്ഞു. 2021ലാണ് മസ്ക് ആദ്യമായി ലോകത്തിലെ ഏറ്റവും ധനികനായത്. അന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെയും എൽവിഎംഎച്ചിന്റെ ബെർണാഡ് അർനോൾട്ടിനെയും മറികടന്നാണ് മസ്ക് ഈ സ്ഥാനത്തെത്തിയത്.
Elon Musk loses title of richest person: Larry Ellison becomes new number one