ബഹ്‌റൈനിൽ ലൈസൻസില്ലാതെ സൗന്ദര്യ ചികിത്സ നടത്തിയ 29 വയസ്സുകാരിയായ പ്രവാസി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചത്.
സാമൂഹിക മാധ്യമങ്ങൾ വഴി ഡെർമറ്റോളജി, കോസ്മെറ്റോളജി സേവനങ്ങൾ പരസ്യം ചെയ്ത് നൽകിയുവരികയായിരുന്നു യുവതി. ലൈസൻസില്ലാതെ നൽകിയ സേവനങ്ങളുടെ ചിത്രങ്ങളും പരസ്യ പോസ്റ്റുകളും അവരുടെ അക്കൗണ്ടുകളിൽ നിന്നാണ് അധികൃതർ കണ്ടെത്തിയത്.
ഫർണിഷ് ചെയ്ത ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് യുവതിയെ പിടികൂടിയത്. തിരിച്ചറിയാത്ത ഉറവിടങ്ങളിൽ നിന്നുള്ള നിരവധി മരുന്നുകളും ലഹരിവസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി എൻ.എച്ച്.ആർ.എ അറിയിച്ചു.
പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കാവുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ലൈസൻസില്ലാതെ സൗന്ദര്യ ചികിത്സ നടത്തുന്നത് ബഹ്‌റൈനിൽ ഗുരുതരമായ നിയമലംഘനമാണെന്ന് അവർ വ്യക്തമാക്കി.
ഇത്തരം സേവനങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉപകരണങ്ങളും ആരോഗ്യത്തിന് അപകടകാരികളാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, പൊതുജനങ്ങൾ അംഗീകൃത ക്ലിനിക്കുകളിലും ലൈസൻസുള്ള വിദഗ്ധരിലുമാത്രം സൗന്ദര്യ ചികിത്സ തേടണമെന്ന് എൻ.എച്ച്.ആർ.എ അഭ്യർത്ഥിച്ചു.
Expat Woman Arrested in Bahrain for Providing Unlicensed Beauty Treatments











