ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് പങ്കെടുത്ത കരൂർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിച്ച സംഭവത്തിൽ, പാർട്ടി നേതാവിനും സംഘാടകർക്കുമെതിരെ നടപടിക്ക് സാധ്യത. സംഭവത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വിജയിനെതിരെയും പരോക്ഷമായ പരാമർശങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, സംഭവത്തിൽ റിട്ട. ഹൈക്കോടതി ജഡ്ജി അരുണ ജഗദീശൻ്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ഏകാംഗ കമ്മീഷൻ്റെ കണ്ടെത്തലുകൾക്കനുസരിച്ചായിരിക്കും തുടർ നടപടികളെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.
വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ റാലിക്ക് അനുമതി നൽകിയതിലെ വീഴ്ച സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് എഫ് ഐ ആറിലെ പരാമർശം. 10,000 പേരെ പ്രതീക്ഷിച്ച റാലിയിൽ 27,000-ത്തോളം പേർ തടിച്ചുകൂടി. ഇത് നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് വീഴ്ച സംഭവിച്ചു. റാലിക്ക് അനുവദിച്ച സമയപരിധി ലംഘിച്ചതും തിരക്കിന് കാരണമായി. ഇവയെല്ലാം നടൻ വിജയിൻ്റെ അറിവോടും സമ്മതത്തോടും കൂടിയാണോ നടന്നതെന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
“സംഭവം അതീവ ദുഃഖകരമാണ്. രാഷ്ട്രീയ പരിപാടിക്കിടെ ഇത്രയധികം പേർ മരിക്കുന്നത് തമിഴ്‌നാടിൻ്റെ ചരിത്രത്തിൽ ആദ്യമാണ്. ഇങ്ങനെ ഒരപകടം ഇനി ആവർത്തിക്കരുതെന്ന് കരൂർ സർക്കാർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ട ശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൻ്റെ ഉത്തരവാദിത്തം സംബന്ധിച്ച ചോദ്യങ്ങൾക്ക്, “രാഷ്ട്രീയപരമായ കാര്യങ്ങളൊന്നും ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കമ്മീഷൻ റിപ്പോർട്ട് ലഭിച്ച ശേഷം, അതിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.