കൊല്‍ക്കത്തയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അഞ്ചുമരണം: സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു; മെട്രോ റെയില്‍ സര്‍വീസ് തടസപ്പെട്ടു

കൊല്‍ക്കത്തയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അഞ്ചുമരണം: സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു; മെട്രോ റെയില്‍ സര്‍വീസ് തടസപ്പെട്ടു

കൊല്‍ക്കത്ത: നഗരത്തിലും സമീപ പ്രദേശങ്ങളിലും പെയ്തിറങ്ങിയ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അഞ്ചു മരണം.ഇന്നലെ അര്‍ധരാത്രിയോടെ പെയ്്ത മഴയില്‍ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പല സ്ഥലങ്ങളിലും വീടുകള്‍ക്കുള്ളിലും വെള്ളം കയറി.ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. റെയില്‍ പാളങ്ങളിലേക്ക മഴവെള്ളം കുത്തിയൊഴുകി വന്നതോടെ പാളങ്ങള്‍ വെള്ളത്തിനടിയിലാവുകയും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ 247 മില്ലീമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്.

കൊല്‍ക്കത്തയുടെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെഎംസി) റിപ്പോര്‍ട്ട് പ്രകാരം ഗാരിയ കാംദഹാരിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 332 മില്ലിമീറ്റര്‍ മഴ ലഭിച്ചു, ജോധ്പൂര്‍ പാര്‍ക്കില്‍ 285 മില്ലിമീറ്റര്‍, കാളിഘട്ടില്‍ 280.2 മില്ലിമീറ്റര്‍, ടോപ്‌സിയയില്‍ 275 മില്ലിമീറ്റര്‍, ബാലിഗഞ്ചില്‍ 264 മില്ലിമീറ്റര്‍, ചെറ്റ്ലയില്‍ 262 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ പെയ്തിറങ്ങിയത്.

റെയില്‍വേ പ്രവര്‍ത്തനങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു. ഹൗറ സ്റ്റേഷന്‍ യാര്‍ഡ്, സീല്‍ദ സൗത്ത് സ്റ്റേഷന്‍ യാര്‍ഡ്, ചിത്പൂര്‍ നോര്‍ത്ത് ക്യാബിന്‍, എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടുഹൗറ, സീല്‍ഡ ഡിവിഷനുകളിലെ റെയില്‍വേ ലൈനുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചു, ഹൗറ-ന്യൂ ജയ്പാഗുരി, ഹൗറ-ഗയ, ഹൗറ-ജമാല്‍പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിച്ചു. കൊല്‍ക്കത്ത മെട്രോ സര്‍വീസുകള്‍ തടസപ്പെട്ടു. കൊല്‍ക്കത്ത വിമാത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ സാധാരണ നിലയിലായിരുന്നു. ന്യൂന മര്‍ദം നിലനില്ക്കുന്നതിനാല്‍ ബുധനാഴ്്ച്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന.

Five dead in heavy rains and floods in Kolkata: Suburban train services suspended; Metro rail services disrupted

Share Email
Top