തിരുവനന്തപുരം: മുൻ ജില്ലാ കളക്ടറും പി.ആർ.ഡി ഡയറക്ടറുമായിരുന്ന വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസ് സരസ്വതി വിദ്യാലയത്തിന് സമീപം പ്രണവത്തിൽ എം.നന്ദകുമാർ (69) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സർജറിയിലെ പിഴവിനെ തുടർന്ന് കോമ സ്‌റ്റേജിലായ നന്ദകുമാർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ത്യൻ എക്‌സ്പ്രസിൽ ലേഖകനായിരുന്ന നന്ദകുമാർ 1993ൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഐ.എ.എസ് കൺഫർ ചെയ്തു. പി.ആർ.ഡി ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011ൽ തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു. ലോട്ടറി ഡയറക്ടർ, കൊളീജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടർ, എ.ഡി.എം, കുടുംബശ്രീ ഡയറക്ടർ, സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ, സ്‌പോർട്‌സ് യുവജനകാര്യ ഡയറക്ടർ, സ്‌റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
മികച്ച പ്രാസംഗികനും എഴുത്തുകാരനും ജ്യോതിഷിയുമായിരുന്നു. സംഖ്യാശാസ്ത്രത്തിൽ പ്രത്യേക വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന അദ്ദേഹം മിത്രൻ നമ്പൂതിരിപ്പാടിൽ നിന്നും മന്ത്രദീക്ഷ സ്വീകരിച്ചശേഷം ഹസ്തരേഖാ ശാസ്ത്രത്തിലും പ്രാവീണ്യം നേടി.
ഭാര്യ: എൻ.എസ്. ശ്രീലത (റിട്ട. രജിസ്ട്രാർ, സഹകരണവകുപ്പ്). മക്കൾ: വിഷ്ണുനന്ദൻ (എൻജിനിയർ, ടാറ്റാ കൺസൾട്ടൻസി, ബംഗളൂരു ), പാർവതി നന്ദൻ (കേരള ഗ്രാമീണ ബാങ്ക്). മരുമകൻ: കൃഷ്ണനുണ്ണി (ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേട്ട്, അടൂർ).
മൃതദേഹം ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചവരെ ജവഹർനഗർ യൂണിവേഴ്‌സിറ്റി വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 5ന് തൈക്കാട് ശാന്തി കവാടത്തിൽ.
Former District Collector and PRD Director M Nandakumar passes away