ഗാസ: സമഗ്ര ഉടമ്പടിക്ക് സൗദി അമേരിക്കയുമായി സഹകരിക്കും; ട്രംപിന്റെ പദ്ധതിയെ സ്വാഗതം ചെയ്തു

ഗാസ: സമഗ്ര ഉടമ്പടിക്ക് സൗദി അമേരിക്കയുമായി സഹകരിക്കും; ട്രംപിന്റെ പദ്ധതിയെ സ്വാഗതം ചെയ്തു

റിയാദ്: ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുമായി സമഗ്രമായ ഒരു ഉടമ്പടിക്ക് അമേരിക്കയുമായി സഹകരിക്കാൻ സൗദി അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സൗദി തങ്ങളുടെ സുപ്രധാന നിലപാട് ആവർത്തിച്ചത്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, ഇസ്രായേലി സൈന്യത്തിന്റെ പൂർണ്ണമായ പിൻവാങ്ങൽ ഉറപ്പാക്കുക, നിയന്ത്രണങ്ങളില്ലാതെ മതിയായ മാനുഷിക സഹായം എത്തിക്കുക എന്നീ ലക്ഷ്യങ്ങൾക്കായി അമേരിക്കയുമായി സഹകരിക്കാൻ തയ്യാറാണെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു. 1967ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് അടിസ്ഥാനമായ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രിസഭ വിലയിരുത്തി.

ഫലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള സൗദിയുടെ ഊർജ്ജിതമായ നയതന്ത്ര ശ്രമങ്ങൾ വിജയം കണ്ടതായി യോഗം ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ ഏകീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ഇച്ഛാശക്തി വർധിച്ചു വരുന്നതായും കൗൺസിൽ വിലയിരുത്തി.

സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രദേശം പുനർനിർമ്മിക്കുന്നതിനും മാനുഷിക സഹായം തടസ്സമില്ലാതെ പ്രവേശിപ്പിക്കാനും ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര പദ്ധതിയെ സൗദി ഭരണകൂടം സ്വാഗതം ചെയ്തു. വെസ്റ്റ് ബാങ്ക് ഇസ്രായേലുമായി കൂട്ടിച്ചേർക്കാൻ അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെയും മന്ത്രിസഭ അഭിനന്ദിച്ചു.

ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

അതേസമയം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. തങ്ങൾ മുന്നോട്ടുവെച്ച പദ്ധതി ഹമാസ് അംഗീകരിക്കണം, അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോടായി പറഞ്ഞു. ഹമാസിന്റെ പ്രതികരണത്തിനായി മൂന്നോ നാലോ ദിവസം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘എല്ലാ അറബ് രാജ്യങ്ങളും ഒപ്പുവെച്ചു, മുസ്ലിം രാജ്യങ്ങളും ഒപ്പുവെച്ചു, ഇസ്രയേലും ഒപ്പുവെച്ചു. ഇനി ഹമാസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഹമാസ് അത് ചെയ്യുമോ ഇല്ലയോ എന്നറിയണം. അങ്ങനെയല്ലെങ്കിൽ അത് വളരെ സങ്കടകരമായ പര്യവസാനമായിരിക്കും,’ വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. നിർദ്ദേശങ്ങളിൽ പ്രതികരിക്കാൻ ഈ സമയപരിധിക്കുള്ളിൽ തയ്യാറായില്ലെങ്കിൽ ഇസ്രയേൽ ചെയ്യേണ്ടത് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന പദ്ധതി ട്രംപ് പ്രഖ്യാപിച്ചത് തിങ്കളാഴ്ചയാണ്. ബന്ദികളുടെ മോചനം, ഗാസയിൽനിന്നുള്ള ഇസ്രയേൽ പിന്മാറ്റം, ഹമാസിന്റെ കീഴടങ്ങൽ നിബന്ധനകൾ, പലസ്തീൻ പ്രദേശങ്ങൾ താത്കാലികമായി ഭരിക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരണം, ഗാസയ്ക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി എന്നിവ ഉൾപ്പെടുന്നതാണ് ഈ സമാധാന പദ്ധതി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിലെത്തി ട്രംപിനെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.

Gaza: Saudi Arabia will cooperate with the US for a comprehensive agreement; Trump’s plan welcomed

Share Email
LATEST
Top