ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവൽക്കാർ: തിരഞ്ഞെടുപ്പ് കമ്മീഷനും വെല്ലുവിളികളും

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ  കാവൽക്കാർ: തിരഞ്ഞെടുപ്പ് കമ്മീഷനും വെല്ലുവിളികളും

സുരേന്ദ്രൻ നായർ

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിൽ ഒന്നാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. നിഷ്പക്ഷമായും സുതാര്യമായും രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമായ ഈ ഭരണഘടനാ സ്ഥാപനം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തിരഞ്ഞെടുപ്പുകളുടെ നെടുംതൂണായി നിലകൊള്ളുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം രൂപംകൊണ്ട ഈ സ്ഥാപനം, 99.1 കോടിയിലധികം വരുന്ന ഇന്ത്യൻ വോട്ടർമാരുടെ വിശ്വാസം നേടിയെടുത്ത്, കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെയായി (ചുരുങ്ങിയ ഒരു കാലഘട്ടത്തിലൊഴികെ) തടസ്സങ്ങളില്ലാതെ തിരഞ്ഞെടുപ്പുകൾ നടത്തിവരുന്നു.

തുടക്കത്തിൽ ഏകാംഗ സമിതിയായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ, 1993 ഒക്ടോബർ 1-ന് ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉൾപ്പെടുന്ന മൂന്നംഗ സ്ഥാപനമായി പുനഃസംഘടിപ്പിക്കപ്പെട്ടു. ഇന്ത്യൻ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ അംഗങ്ങൾ, സംസ്ഥാനങ്ങളിലെ നിയമസഭ (വിധാൻസഭ), നിയമനിർമാണ കൗൺസിൽ (വിധാൻ പരിഷത്ത്) എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളാണ് കേന്ദ്ര കമ്മീഷൻ്റെ ചുമതലയിലുള്ളത്. അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ അതത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളാണ് നടത്തുന്നത്.

വിശ്വാസത്തിന് ഭംഗം വന്ന സന്ദർഭങ്ങൾ

കമ്മീഷൻ്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുകയും വിശ്വാസ്യതയെ ബാധിക്കുകയും ചെയ്ത ചില സുപ്രധാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയം 1971-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് എതിർ സ്ഥാനാർത്ഥിയായിരുന്ന രാജ് നാരായൺ, ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു, സർക്കാർ ഉദ്യോഗസ്ഥനായ യശ്പാൽ കപൂറിനെ തിരഞ്ഞെടുപ്പ് ഏജന്റായി നിയമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ, 1975 ജൂണിൽ അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കുകയും, അടുത്ത ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്തു. ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ, ഹൈക്കോടതി വിധിക്ക് ഉപാധികളോടെ താൽക്കാലിക സ്റ്റേ ലഭിച്ചു. പക്ഷേ, പ്രധാനമന്ത്രി എന്ന നിലയിൽ ശമ്പളം വാങ്ങുന്നതിനോ പാർലമെൻ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിനോ ഉള്ള അവകാശം കോടതി വിലക്കി.

ഈ വിധിയെ അംഗീകരിക്കാൻ തയ്യാറാകാതെ, 1975 ജൂൺ 25-ന് ഇന്ദിരാഗാന്ധി രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് ഇന്ത്യൻ ജനാധിപത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വലിയൊരു തിരിച്ചടിയായിരുന്നു.

2006-നും 2009-നും ഇടയിലുള്ള മൻമോഹൻ സിംഗ് സർക്കാരിൻ്റെ കാലത്തും കമ്മീഷനെതിരെ ഗുരുതരമായ ആരോപണം ഉയർന്നു. അന്നത്തെ കമ്മീഷൻ അംഗമായിരുന്ന നവീൻ ചൗള, കോൺഗ്രസ് നേതൃത്വത്തിന് തിരഞ്ഞെടുപ്പ് രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എൻ. ഗോപാൽ സ്വാമി, ചൗളയെ സ്ഥാനത്തുനിന്നും നീക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തെങ്കിലും, സർക്കാർ അത് നിരാകരിക്കുകയും പിന്നീട് അദ്ദേഹത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുകയും ചെയ്തു.

ടി.എൻ. ശേഷൻ്റെ പരിഷ്കാരങ്ങൾ

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ കാലഘട്ടമായിരുന്നു ടി.എൻ. ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന 1990 മുതൽ 1996 വരെയുള്ള സമയം. കമ്മീഷൻ്റെ വിശ്വാസ്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾ വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ ചില പ്രധാന മാറ്റങ്ങൾ ഇവയാണ്:

  • വോട്ടർ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി: ഇന്ത്യയിൽ ആദ്യമായി വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധിതമാക്കി.
  • മാതൃകാ പെരുമാറ്റച്ചട്ടം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കി.
  • തിരഞ്ഞെടുപ്പ് ചെലവുകൾക്ക് പരിധി: സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിച്ചു.
  • ഇലക്ഷൻ ഒബ്സർവർമാരുടെ മേൽനോട്ടം: തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി.

ഇത്തരം ശക്തമായ നടപടികളിലൂടെ, ഒരു ഭരണഘടനാ സ്ഥാപനം എങ്ങനെയായിരിക്കണമെന്ന് ശേഷൻ രാജ്യത്തിന് കാണിച്ചു കൊടുത്തു.

വോട്ടർ പട്ടികയിലെ വെല്ലുവിളികൾ

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ഇന്ത്യയിൽ എന്നും നിലനിന്നിരുന്നു. മരിച്ചുപോയവർ, സ്ഥലം മാറിയവർ, ഒന്നിലധികം മണ്ഡലങ്ങളിൽ വോട്ടുള്ളവർ എന്നിവരെ ഒഴിവാക്കിയും, 18 വയസ്സ് പൂർത്തിയായവരെയും അർഹരായ പുതിയ വോട്ടർമാരെയും ഉൾപ്പെടുത്തിയും വോട്ടർ പട്ടിക പുതുക്കുന്ന തീവ്രയജ്ഞത്തെയാണ് സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) എന്ന് പറയുന്നത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഒരു സാധാരണ നടപടിക്രമമാണ്.

എങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാൻ പോകുന്ന സംസ്ഥാനങ്ങളായ ബിഹാർ, കേരളം, ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ ഈ പ്രക്രിയ രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചു. ബിഹാറിൽ നടന്ന എസ്.ഐ.ആർ. പ്രകാരം 52.3 ലക്ഷം പേരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് വലിയ വിവാദമുണ്ടാക്കി. വ്യാജ വോട്ടർമാരെന്നും, രേഖകളില്ലാത്തവരെന്നും, മരിച്ചുപോയവരെന്നും കണ്ടെത്തി നീക്കം ചെയ്തവരെക്കുറിച്ച് പ്രതിപക്ഷം ആശങ്കകൾ ഉയർത്തി. വോട്ടർ പട്ടിക സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, കമ്മീഷൻ്റെ ഭാഗം കേട്ട ശേഷം കോടതി ആ ആവശ്യം നിരസിച്ചു.

ജനാധിപത്യത്തിൻ്റെ ഭാവി

ഇന്ത്യൻ ജനാധിപത്യം സുഗമമായി മുന്നോട്ട് പോകണമെങ്കിൽ, കോടതികൾ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കുകയും വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ പരാതികൾ പരിഹരിക്കുകയുമാണ് വേണ്ടത്. സ്ഥാപനങ്ങളെ പൊതുജന മധ്യത്തിൽ അധിക്ഷേപിക്കുന്നത് രാജ്യത്തെ അരാജകത്വത്തിലേക്ക് നയിച്ചേക്കാം. ജനപ്രിയമല്ലാത്ത മുദ്രാവാക്യങ്ങളുമായി മുന്നോട്ട് പോകുന്നതിനു പകരം, ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത, കാർഷിക പ്രതിസന്ധി, അഴിമതി തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉതകുന്ന കർമപദ്ധതികളുമായി പ്രതിപക്ഷം ജനങ്ങളിലേക്ക് ഇറങ്ങേണ്ടത് അനിവാര്യമാണ്. ശക്തമായ ഒരു ജനാധിപത്യത്തിന്, ശക്തവും ഉത്തരവാദിത്തബോധമുള്ളതുമായ ഒരു പ്രതിപക്ഷം അനിവാര്യമാണ്.

Guardians of Indian Democracy: The Election Commission and its Challenges

Share Email
LATEST
Top