ഗുജറാത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വാതുവെപ്പ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ഹർഷിത് ജെയിനിനെ യുഎഇ ഇന്ത്യക്ക് കൈമാറി. 2300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഗുജറാത്ത് പോലീസും സിബിഐയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഗുജറാത്ത് സ്വദേശിയായ ഹർഷിതിനെ ഇന്ത്യയിൽ തിരിച്ചെത്തിച്ചത്.
2023 മാർച്ചിൽ പോലീസ് റെയ്ഡിനെ തുടർന്ന് ദുബായിലേക്ക് കടന്ന ഇയാളെ, ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അഹമ്മദാബാദിലേക്ക് നാടുകടത്തിയത്. സൗരഭ് ചന്ദ്രകർ എന്നറിയപ്പെടുന്ന മഹാദേവ് ബുക്കിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ വാതുവെപ്പ് ശൃംഖലയിലെ ഏറ്റവും പുതിയ നേട്ടമാണ് ഈ അറസ്റ്റ്. ഹർഷിത് ബാബുലാൽ ജെയിനിനെ ദുബായിൽ വെച്ച് അറസ്റ്റ് ചെയ്യുകയും സെപ്റ്റംബർ 5-ന് ഇന്ത്യയിലേക്ക് കൊണ്ടുവരുകയും ചെയ്തതായി സിബിഐ പത്രക്കുറിപ്പിൽ അറിയിച്ചു.
ഗുജറാത്ത് പോലീസ്, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നടത്തിയ നീക്കത്തിലാണ് ഇയാളെ യുഎഇയിൽ നിന്ന് തിരിച്ചെത്തിച്ചത്. നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. ഗുജറാത്ത് പോലീസിന്റെ അഭ്യർത്ഥന പ്രകാരം 2023 ഓഗസ്റ്റ് 9-ന് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 5-ന് അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇയാളെ ഗുജറാത്ത് പോലീസിന് കൈമാറുകയായിരുന്നു.