എച്ച് 1 ബി വിസ ഫീസ് വർധന: കടുത്ത ആശങ്കയിൽ ഇന്ത്യക്കാർ, നാട്ടിലേക്ക് വരാനിരുന്നവരിൽ പലരും യാത്ര ഉപേക്ഷിച്ചു

എച്ച് 1 ബി വിസ ഫീസ് വർധന: കടുത്ത ആശങ്കയിൽ ഇന്ത്യക്കാർ, നാട്ടിലേക്ക് വരാനിരുന്നവരിൽ പലരും യാത്ര ഉപേക്ഷിച്ചു

വാഷിങ്ടൺ : എച്ച് 1 ബി വിസ ഫീസ് വർധിപ്പിക്കുകയും നിയമങ്ങൾ കടുപ്പിക്കുകയും ചെയ്തതതോടെ ആശങ്കയിൽ ഇന്ത്യക്കാർ. യുഎസിൽനിന്ന് ഇന്ത്യയിലേക്ക് വരാനിരുന്ന ഒട്ടേറെപ്പേർ ട്രംപിന്റെ പുതിയ തീരുമാനം വന്നതോടെ യാത്ര ഉപേക്ഷിച്ചു. ദുർഗ്ഗാ പൂജയോടനുബന്ധിച്ച് നാട്ടിലേക്ക് വരാൻ വിമാനത്താവളത്തിലെത്തിയ പലരും യാത്ര റദ്ദാക്കിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരായ യാത്രക്കാർ, യാത്ര ചെയ്യുന്നില്ലെന്നും വിമാനത്തിൽ നിന്നും പുറത്തിറക്കണമെന്നും നിർബന്ധം പിടിച്ചതിനെ തുടർന്ന്, സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്സ് വിമാനം വൈകിയാണ് പുറപ്പെട്ടത്. ദുബായിലും മറ്റു ചില ട്രാൻസിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാർ ആശങ്കയിലാണെന്നും യാത്ര ഇടയ്ക്ക് അവസാനിപ്പിച്ചെന്നും വിവരമുണ്ട്. വീസാ ഫീസ് നിരക്ക് വർധനയെക്കുറിച്ചുള്ള വിവരം പുറത്ത് വന്ന് 20 മിനിറ്റിനകം ദുബായ് വിമാനത്താവളത്തിൽ 10-15 യാത്രക്കാർ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചെന്നാണ് വിവരം.

പുതിയ നിയമത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ പുതിയ എച്ച്-വൺ ബി വീസ അപേക്ഷാ ഫീസ് വർധിപ്പിച്ചതടക്കം നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും, വിഷയത്തിന്റെ എല്ലാ വശങ്ങളും പഠിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെയും യുഎസിൻ്റെയും വ്യവസായ സംഘടനകളും ഈ വിഷയത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. യുഎസിലുള്ള ഇന്ത്യൻ കുടുംബങ്ങളെ ഈ നീക്കം ബാധിക്കുമോ എന്ന ആശങ്ക യുഎസ് പരിഹരിക്കണം. സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും ഇന്ത്യയിൽ നിന്നുള്ളവർ വലിയ സംഭാവന നൽകിയ കാര്യം മറക്കരുതെന്നും ഇന്ത്യ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.പുതിയ ഫീസ് വർധനവ് അമേരിക്കൻ കമ്പനികളെ കൂടുതൽ ജോലികൾ ഇന്ത്യയിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുമെന്നും ഇത് ഇന്ത്യയ്ക്ക് ഒരു അവസരമായി മാറിയേക്കാമെന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

കുടിയേറ്റം തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് വർധിപ്പിക്കാൻ ട്രംപ് തീരുമാനിച്ചത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ടെക്കികൾക്ക് തിരിച്ചടിയാകുന്നതാണ് അമേരിക്കയുടെ പുതിയ തീരുമാനം. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ്‌ എച്ച് വണ്‍ ബി വിസ.

Share Email
Top