വാഷിംഗ്ടൺ: സൈന്യത്തിലെ സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവന്ന ‘ഡിഫൻസ് അഡ്വൈസറി കമ്മിറ്റി ഓൺ വിമൻ ഇൻ ദി സർവീസസ്’ എന്ന ഉപദേശക സമിതിയെ പിരിച്ചുവിട്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. “വിഭജനമുണ്ടാക്കുന്ന ഫെമിനിസ്റ്റ് അജണ്ട മുന്നോട്ട് വെക്കുന്നതിനാൽ ഈ സമിതി സൈന്യത്തിന്റെ യുദ്ധസജ്ജതയെ ദോഷകരമായി ബാധിക്കുന്നു എന്ന് പെന്റഗൺ പ്രസ് സെക്രട്ടറി കിംഗ്‌സ്ലി വിൽസൺ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. സ്ത്രീകൾക്കായി കൃത്യമായ ബോഡി ആർമറുകളും ആരോഗ്യ സംരക്ഷണം ഉറപ്പാക്കണമെന്നും ഈ സമിതി മുൻപ് ശുപാർശ ചെയ്തിരുന്നു.
സ്ത്രീകൾക്ക് സൈന്യത്തിൽ വലിയ പങ്കാളിത്തം ലഭിച്ചു തുടങ്ങിയ 1951-ലാണ് ഈ സമിതി രൂപീകരിച്ചത്. പ്രതിരോധ വകുപ്പിൽ ഏകീകൃതവും ലിംഗ-നിഷ്പക്ഷവുമായ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിലാണ് ഹെഗ്‌സെത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. “ലിംഗ-നിഷ്പക്ഷം, വർണ്ണഭേദമില്ലാത്തത്, കഴിവുകൾ മാത്രം അടിസ്ഥാനമാക്കിയത്” എന്നാണ് സമിതി പിരിച്ചുവിട്ടതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. പെന്റഗണിലെ വൈവിധ്യപരമായ സംരംഭങ്ങളെ നിരീക്ഷിക്കുന്ന ഹെഗ്‌സെത്തിന്റെ ഏറ്റവും പുതിയ നടപടിയാണ് ഈ സമിതിയുടെ പിരിച്ചുവിടൽ.













