ന്യൂഡൽഹി: വ്യാപാര, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സെപ്റ്റംബർ 22-ന് യു എസ്സിലേക്ക്. മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ന്യൂയോർക്കിൽ യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മന്ത്രാലയത്തിലെ സ്‌പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളും സംഘത്തിലുണ്ട്.
പരസ്പരം ഗുണകരമായ ഒരു വ്യാപാര കരാർ വേഗത്തിൽ പൂർത്തിയാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. സെപ്റ്റംബർ 16-ന് യുഎസ് വ്യാപാര പ്രതിനിധികളുടെ സംഘം ഇന്ത്യയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ച. അന്ന് നടന്ന ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾ ക്രിയാത്മകമായിരുന്നെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 50% താരിഫ് ചുമത്തിയ സാഹചര്യത്തിൽ ഈ ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. എച്ച്1ബി വിസ അപേക്ഷാ ഫീസ് 1,00,000 ഡോളറായി വർദ്ധിപ്പിക്കാനുള്ള യുഎസ് തീരുമാനവും ഇന്ത്യയുടെ ഐടി സേവന മേഖലയിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ വിഷയങ്ങളും ചർച്ചയിൽ വിഷയമാകാൻ സാധ്യതയുണ്ട്.
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് തുടർന്നു. 131.84 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. ഇത് 2030-ഓടെ 500 ബില്യൺ ഡോളറായി ഉയർത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇതിനായി അഞ്ച് റൗണ്ട് ചർച്ചകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
നേരത്തെ, മെയ് മാസത്തിൽ പിയൂഷ് ഗോയൽ വാഷിംഗ്ടൺ സന്ദർശിച്ച് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് ഗോയൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
High-level team led by Piyush Goyal to US for bilateral trade talks













