മംഗളൂരു: ധർമസ്ഥല കൂട്ടബലാത്സംഗ-കൊലപാതക കേസ് അന്വേഷണത്തിൽ വഴിത്തിരിവ്. കൂട്ടശവസംസ്കാരത്തെക്കുറിച്ച് വെളിപ്പെടുത്തിയ സാക്ഷി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി കൈമാറിയ ആളെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കസ്റ്റഡിയിലെടുത്തു. 2012-ൽ കൊല്ലപ്പെട്ട സൗജന്യ എന്ന പിയു കോളേജ് വിദ്യാർഥിനിയുടെ മാതൃസഹോദരൻ വിട്ടൽ ഗൗഡയാണ് കസ്റ്റഡിയിലുള്ളത്.
വിട്ടൽ ഗൗഡയുമായി ധർമസ്ഥലയിലെ നേത്രാവതി നദീതീരത്തെ സ്നാനഘട്ടം സന്ദർശിച്ച എസ്.ഐ.ടി. സംഘം തെളിവെടുപ്പ് നടത്തി. നേത്രാവതി കുളിക്കടവിനടുത്തുള്ള ബംഗ്ലാഗുഡ്ഡെ വനത്തിൽനിന്നാണ് വിട്ടൽ ഗൗഡ തലയോട്ടി കണ്ടെത്തി ചിന്നയ്യക്ക് കൈമാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ, തലയോട്ടിയെക്കുറിച്ചുള്ള നേരത്തെയുള്ള നിഗമനങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു.
നേരത്തെ, തലയോട്ടി വൈദ്യശാസ്ത്ര പഠന-ഗവേഷണ സ്ഥാപനത്തിൽനിന്ന് സംഘടിപ്പിച്ചതാണെന്നും അതിന് 40 വർഷം പഴക്കമുണ്ടെന്നുമായിരുന്നു നിഗമനം. കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലധികം പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന് വെളിപ്പെടുത്തിയ മുൻ ശുചീകരണ തൊഴിലാളി പിന്നീട് മൊഴി മാറ്റിയിരുന്നു.
In a major turn in the Dharmasthala case, a man named Vittal Gowda has been taken into custody for allegedly providing the skull to key witness Chinnaiah