ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രധാന ലക്ഷ്യം ഖലീൽ അൽ ഹയ്യ; ആറുപേർ കൊല്ലപ്പെട്ടു

ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രധാന ലക്ഷ്യം ഖലീൽ അൽ ഹയ്യ; ആറുപേർ കൊല്ലപ്പെട്ടു

ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രധാന ലക്ഷ്യം ഹമാസിന്റെ മധ്യസ്ഥ ചർച്ചകളുടെ മുഖ്യപ്രതിനിധിയായ ഖലീൽ അൽ ഹയ്യയെയായിരുന്നു എന്നാണ് സൂചന. ആക്രമണത്തിൽ ഹമാസിന്റെ അഞ്ച് അംഗങ്ങളും ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. എന്നാൽ അവരുടെ മുതിർന്ന നേതാക്കൾക്ക് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.

ചൊവ്വാഴ്ച ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകളും പുറത്തുവന്നു. അൽ ഹയ്യയുടെ ഓഫീസ് ഡയറക്ടർ ജിഹാദ് ലബാദ്, മകൻ ഹുമാം അൽ ഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുൾ വാഹിദ്, മുഅ്മീൻ ഹസ്സൂന, അഹമ്മദ് അൽ മംലൂക്ക് എന്നിവരാണ് കൊല്ലപ്പെട്ട ഹമാസ് അംഗങ്ങൾ. ഖത്തർ ആഭ്യന്തര സുരക്ഷാ സേനയിലെ കോർപ്പറൽ ബദർ സാദ് മുഹമ്മദ് അൽ ഹുസൈദി അൽ ദോസരിയാണ് കൊല്ലപ്പെട്ട ആറാമത്തെ വ്യക്തി.

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പ്രവാസി മുഖമായി അറിയപ്പെടുന്ന വ്യക്തിയാണ്. കഴിഞ്ഞ വർഷം ടെഹ്റാനിൽ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ടതും, ഗാസയിൽ യഹ്യ സിൻവാറിനെയും സൈനിക കമാൻഡർ മുഹമ്മദ് ദെയ്ഫിനെയും ഇല്ലാതാക്കിയതുമൊക്കെ പിന്നാലെ അദ്ദേഹത്തിന്റെ പ്രാധാന്യം വർധിച്ചു. 2024-ൽ സിൻവാർ കൊല്ലപ്പെട്ടതോടെ, അൽ ഹയ്യ ഹമാസിന്റെ അഞ്ചംഗ നേതൃത്വ കൗൺസിലിലെ പ്രധാന നേതാക്കളിൽ ഒരാളായി മാറി. 1960-ൽ ഗാസയിൽ ജനിച്ച അൽ ഹയ്യ 1987-ൽ ഹമാസ് രൂപീകരിക്കപ്പെട്ടത് മുതൽ സംഘടനയുടെ ഭാഗമാണ്. ഇസ്രയേൽ, ഈജിപ്ത്, അമേരിക്ക എന്നിവരുമായുള്ള മധ്യസ്ഥ ചർച്ചകളിൽ ഖത്തറിനെ കേന്ദ്രമാക്കി പ്രവർത്തിച്ച് അദ്ദേഹം നയതന്ത്രരംഗത്ത് ശക്തമായ സ്ഥാനം നേടി.

ഗാസയിലെ ഉപരോധങ്ങൾ മറികടന്ന് ഹമാസിന്റെ നേതൃസംഘത്തെ ഏകോപിപ്പിക്കുന്നതിലും, വെടിനിർത്തൽ കരാറുകൾക്കായി നടന്ന ചർച്ചകളിലും അൽ ഹയ്യ പ്രധാന പങ്ക് വഹിച്ചു. 2014-ലെ യുദ്ധത്തിൽ അദ്ദേഹത്തിന്റെ മൂത്ത മകൻ ഒസാമയും കുടുംബവും കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിൽ മറ്റൊരു മകൻ ഹുമാമും ജീവൻ നഷ്ടമായി.

അതേസമയം, ഹമാസിന്റെ പ്രധാന സാമ്പത്തിക ചുമതലയുള്ള സഹീർ ജബാറിനെയും ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നു. 1993-ൽ ഇസ്രയേൽ അറസ്റ്റ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ച ജബാറിൻ, 2011-ലെ തടവുകാരുടെ കൈമാറ്റത്തിൽ മോചിതനായി. തുടർന്ന്, ഹമാസിന്റെ സാമ്പത്തിക ചുമതല ഏറ്റെടുത്തും വിപുലമായ നിക്ഷേപ–ധനസഹായ ശൃംഖല നിയന്ത്രിച്ചും അദ്ദേഹം ശക്തിയായി മുന്നേറി. ഇപ്പോൾ ജബാറിൻ വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ തലവനും നേതൃത്വ കൗൺസിലിലെ അംഗവുമാണ്.

നിലവിൽ ഹമാസിന്റെ നേതൃത്വ കൗൺസിലിൽ ഖാലിദ് മിഷാൽ, ഇസ് അൽ ദിൻ അൽ ഹദ്ദാദ്, മുഹമ്മദ് ദർവിഷ്, നിസാർ ഔദല്ല എന്നിവരാണ് പ്രധാനപ്പെട്ടവർ. സിൻവാറിന്റെ മരണശേഷം ഗാസയിലെ സൈനിക നേതൃത്വത്തിന്റെ ചുമതല ഏറ്റെടുത്തത് അൽ ഹദ്ദാദാണ്. ഒക്ടോബർ 7-ലെ ആക്രമണത്തിന്റെ സൂത്രധാരനായി ഇസ്രയേൽ അദ്ദേഹത്തെ കണക്കാക്കുന്നു. അറുപത്തെട്ടുകാരനായ ഖാലിദ് മിഷാൽ 1990-കളിൽ മുതൽ ഹമാസിന്റെ പ്രധാന രാഷ്ട്രീയമുഖമാണ്. 1997-ൽ ജോർദാനിൽ ഇസ്രയേൽ ഏജന്റുമാർ അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോൾ മിഷാൽ ഖത്തറിലാണുള്ളത്.

നിസാർ ഔദല്ല ഹമാസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. സംഘടനയുടെ സായുധ വിഭാഗത്തിലും നേതൃസ്ഥാനങ്ങളിലും പങ്കുവഹിച്ച അദ്ദേഹം, ഒക്ടോബർ 7 ആക്രമണത്തിന് ശേഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

In the Israeli attack on Qatar, the main target was Khalil al-Hayya; six killed.

Share Email
LATEST
More Articles
Top