ഇന്ത്യയ്ക്കെതിരെ വീണ്ടും വിമർശനവുമായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്ക്. യുഎസ് വിപണിയിൽ നിന്ന് വൻ ലാഭം നേടുന്ന ഇന്ത്യ, അമേരിക്കൻ കയറ്റുമതികൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച ലുട്നിക്ക്, ഒരു ബുഷൽ (25.4 കിലോ) അമേരിക്കൻ ചോളം പോലും വാങ്ങാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. 2025 സെപ്റ്റംബർ 14-ന് ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശങ്ങൾ.
140 കോടി ജനസംഖ്യയുണ്ടെന്ന് വീമ്പ് പറയുന്ന ഇന്ത്യ എന്തുകൊണ്ട് ഒരു ബുഷൽ (അളവ്) അമേരിക്കൻ ചോളം പോലും വാങ്ങാത്തതെന്ന് ലുട്നിക് ചോദിക്കുന്നു. ഇന്ത്യ എല്ലാം നമുക്ക് വിൽക്കുകയും, നമ്മുടെ ഉൽപ്പന്നങ്ങൾ വാങ്ങാതിരിക്കുകയും, എല്ലാത്തിനും തീരുവ ചുമത്തുകയും ചെയ്യുന്നു” എന്നും ആക്ഷേപിക്കുന്നു. ഇന്ത്യ തീരുവകൾ കുറച്ചില്ലെങ്കിൽ യുഎസുമായുള്ള വ്യാപാരത്തിൽ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യ, കാനഡ, ബ്രസീൽ തുടങ്ങിയ സഖ്യകക്ഷികളുമായുള്ള ബന്ധം തീരുവകൾ മൂലം വഷളാകുന്നുണ്ടോ എന്ന ചോദ്യത്തിന്, “ബന്ധം ഏകപക്ഷീയമാണ്. അവർ നമുക്ക് വിൽക്കുകയും നമ്മെ മുതലാക്കുകയും ചെയ്യുന്നു. അവരുടെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് നമ്മെ തടയുന്നു” എന്നായിരുന്നു ലുട്നിക്കിന്റെ മറുപടി. റഷ്യൻ എണ്ണ ഇറക്കുമതിക്കെതിരെ നേരത്തെ ഉയർന്ന വിമർശനങ്ങളും ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളെ സ്തംഭനത്തിലാക്കിയിട്ടുണ്ട്. ഈ ആരോപണങ്ങൾ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ സൃഷ്ടിക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.