രാജു മൈലപ്രാ
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 11-ാമത് അന്തര്‍ദേശീയ മീഡിയാ കോണ്‍ഫറന്‍സ് ഒക്ടോബോര്‍ ഒന്‍പതു മുതല്‍ 11 വരെ ന്യൂജേഴ്സി-എഡിസണ്‍ ഷെറാട്ടണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍ അരങ്ങേറുകയാണ്. കേരളത്തില്‍ നിന്നും, അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ, മാധ്യമ, കലാ, സാംസ്‌ക്കാരിക, സാമൂഹ്യ വ്യക്തികള്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫറന്‍സ് അമേരിക്കന്‍ മലയാളികള്‍ക്ക് അവിസ്മരണീയമായ ഒരനുഭവം ആയിരിക്കുമെന്ന് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറാര്‍ വിശാഖ് ചെറിയാന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്, വൈസ് പ്രസിഡന്റ് അനില്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറര്‍ റോയ് മുളകുന്നം, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജി എബ്രഹാം, ഹോസ്റ്റിങ് ചാപ്റ്റര്‍ ന്യൂ യോര്‍ക്ക് പ്രസിഡന്റ് ഷോളി കുമ്പിളുവേലില്‍ എന്നിവര്‍ അറിയിച്ചു. ഇതിനായുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ സമയബന്ധിതമായി പുരോഗമിക്കുന്നു.
ഒരു നൂറ്റാണ്ടിനു മുമ്പുതന്നെ അമേരിക്കയില്‍ പ്രസ് ക്ലബ് പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 1908-ല്‍ തന്നെ വാഷിംഗ്ടണ്‍ ഡി.സി.യില്‍ ‘The National Press Club’ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്ക് സായാഹ്നങ്ങളില്‍ ഒരുമിച്ചു കൂടുന്നതിനും, സൗഹൃദങ്ങള്‍ പങ്കുവെക്കുന്നതിനും, ഒന്നു ‘റിലാക്സ്’ ചെയ്യുന്നതിനുമുള്ള ഒരു വേദി.ഏതാണ്ട് ഇതേ രീതിയിലുള്ള ഒരു തുടക്കമായിരുന്നു ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടേതും .

അമേരിക്കയിലെ മലയാള വാര്‍ത്താ വിനിമയ രംഗം എന്നു മുതലാണ് തുടങ്ങിയതെന്ന് കൃത്യമായി പറയുവാന്‍ കഴിയുമെന്നു തോന്നുന്നില്ല. നാട്ടില്‍ നിന്നും വല്ലപ്പൊഴുമെത്തുന്ന ബന്ധുമിത്രാദികളുടെ കത്തുകളില്‍ തുടങ്ങി, കൈയ്യെഴുത്തു പ്രതികളായി രൂപം പ്രാപിച്ച്, ‘വെട്ടി-ഒട്ടിക്കല്‍’ പ്രസിദ്ധീകരണമായി വളര്‍ന്ന് മലയാളികളുടെ കൈകളില്‍ എത്തിച്ചായിരുന്നു ഇതിന്റെയൊരു തുടക്കം എന്നു വേണമെങ്കില്‍ അനുമാനിക്കാം. പേരിനൊരു പത്രാധിപസമിതി ഉണ്ടായിരുന്നെങ്കിലും പല പ്രസിദ്ധീകരണങ്ങളും ഒരു ഒറ്റയാള്‍ സംരംഭമായിരുന്നു എന്നതാണ് വസ്തുത. വളരെ ആവേശത്തോടും, പ്രതീക്ഷകളോടും തുടങ്ങിയ ഈ പ്രസിദ്ധീകരണങ്ങളെല്ലാം, സാമ്പത്തീക പരാധീനത മൂലം കാലക്രമേണ അകാല ചരമമടഞ്ഞു.
ആധുനീക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടു കൂടി ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ പ്രളയമായി. ‘വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട്’ എന്ന തരത്തില്‍ ദിവസേന ഈ ഓണ്‍ലൈന്‍ പ്രസ്ഥാനങ്ങളുടെ എണ്ണം പെരുകുകയാണ്. ആരോഗ്യപരമായ ഒരു മത്സരമല്ല ഈ രംഗത്ത് നടക്കുന്നത്. കുറേക്കാലം കഴിയുമ്പോള്‍ ഇതില്‍ നിന്നും കുറെയെണ്ണം ആരാലും ശ്രദ്ധിക്കപ്പെടാതെ കൊഴിഞ്ഞു പോകും. അമേരിക്കന്‍ മലയാള മാദ്ധ്യമരംഗത്ത് ഒരു പുതിയ അദ്ധ്യായം തുറന്നുകൊണ്ട് 2000-മാണ്ടിന്റെ തുടക്കത്തില്‍ ഏഷ്യാനെറ്റും കൈരളിയും അവരുടെ നോര്‍ത്തമേരിക്കയിലെ പ്രക്ഷേപണം ആരംഭിച്ചു.
മലയാളികളുടെ ചടങ്ങുകളെല്ലാം ടി.വി. ചാനലുകള്‍ കവറു ചെയ്യണമെന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധം. ടെലിവിഷനില്‍ തങ്ങളുടെ മുഖമൊന്നു തെളിഞ്ഞാല്‍, തങ്ങള്‍ക്കൊരു സ്റ്റാര്‍ വാല്യൂ കിട്ടുമെന്നുള്ള സന്തോഷം. ടി.വി.ക്കാര്‍ ക്യാമറമാനേയും തോളിലേന്തി, കൈയിലെ പണവും മുടക്കി ദൂരെ സ്ഥലങ്ങളില്‍ പോലുമെത്തി പരിപാടികള്‍ കവറു ചെയ്യുവാന്‍ തുടങ്ങി. ചിലവു കാശം പോലും നല്‍കുവാന്‍ ഭാരവാഹികള്‍ക്കു മടി. ‘കവറേജ് കുറഞ്ഞു പോയി’ എന്നൊരു പരാതി മാത്രം മിച്ചം.
സംഘാടകരില്‍ നിന്നും ന്യായമായ പ്രതിഫലം കിട്ടാതെ ഈ ‘കവറേജ്’ പരിപാടി മുന്നോട്ടു കൊണ്ടുപോകുവാന്‍ സാദ്ധ്യമല്ലെന്നു ടെലിവിഷന്‍ ചാനലുകളുടെ ചുമതലക്കാര്‍ക്ക് മനസ്സിലായി.
ഒരുമിച്ചു നിന്നാല്‍ ന്യായമായ ഈ അവകാശം നേടിയെടുക്കാനാവുമെന്നുള്ള ‘ലഡു പൊട്ടിയത് ‘, ഏഷ്യാനെറ്റിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സുനില്‍ ട്രൈസ്റ്റാറിനും, കൈരളിയുടെ പ്രവര്‍ത്തകന്‍ ജോസ് കാടാപുറത്തിനുമാണ്. ‘പ്രസ് ക്ലബ്’ എന്ന ആശയത്തിന് അവിടെ തുടക്കം കുറിക്കുന്നു. അവരുടെ അഭ്യര്‍ത്ഥന പ്രകാരം പത്രപ്രവര്‍ത്തകരായ ജേക്കബ് റോയി, ടാജ് മാത്യൂ, ജെ.മാത്യൂസ്, റെജി ജോര്‍ജ്, ജോര്‍ജ് തുമ്പയില്‍, സിബി ഡേവിഡ്, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ ഒരുമിച്ചു കൂടി അവരുടെ ആശയങ്ങള്‍ പങ്കുവെച്ചു. അതിന്റെ ഫലമായി 2004-2005 കാലത്ത് ‘ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത അമേരിക്ക’ ജന്മമെടുത്തു.
‘മലയാള മനോരമ’ എഡിറ്റോറിയല്‍ ഡയറക്ടര്‍ ബോര്‍ഡ് ജേക്കബ് തോമസിനെ പങ്കെടുപ്പിച്ച്, ന്യു യോര്‍ക്കില്‍ 2006-ല്‍ നടത്തിയ സമ്മേളനത്തോടെ, പ്രസ്‌ക്ലബിന്റെ ലക്ഷ്യത്തെയും കാഴ്ചപ്പാടിനെപ്പറ്റിയും വ്യക്തമായ ഒരു ദിശാബോധമുണ്ടായി. തുടര്‍ന്ന് ഷിക്കാഗോയില്‍ നിന്നുമുള്ള ജോസ് കണിയാലി പ്രസിഡന്റായും, ന്യൂയോര്‍ക്കില്‍ നിന്നും ടാജ് മാത്യുവും സെക്രട്ടറിയായി ചുമതലയേറ്റത്തോടെ പ്രസ്‌ക്ലബ് കൂടുതല്‍ ഉയരങ്ങളിലെത്തി. മനോരമയില്‍ നിന്നും ജോണി ലൂക്കോസും, ഏഷ്യാനെറ്റില്‍ നിന്നും ശ്രീകണ്ഠന്‍ നായരും, കൈരളിയില്‍ നിന്നും ജോണ്‍ ബ്രിട്ടാസും കൊണ്ടും കൊടുത്തും പരസ്പരം ട്രോളിയും അരങ്ങേറിയ സംവാദങ്ങള്‍ ഈ സമ്മേളനത്തെ മറക്കാനാവാത്ത ഒരു അനുഭവമാക്കി. മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്ന കിറുകൃത്യമായ സമയപരിധി സംവിധാനമാണ് ഇവിടെ നടപ്പാക്കിയത്.
ചെറിയ ലക്ഷ്യങ്ങളോടു കൂടിയ ഈ സംരംഭം, ഇന്ന് വളര്‍ന്ന് പന്തലിച്ച് ഒരു വലിയ പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. പത്രപ്രവര്‍ത്തകരെ കൂടാതെ, സമൂഹത്തിന്റെ വിവിധ തുറകളില്‍ വിജയം കൈവരിച്ചവര്‍, ഇന്ന് ഇന്ത്യാ പ്രസ് ക്ലബിന്റെ അവിഭാജ്യ ഘടകമാണ്. അവരുടെ സാന്നിദ്ധ്യവും, സാമ്പത്തീക സഹകരണവുമാണ് പ്രസ്് ക്ലബ് സമ്മേളനങ്ങള്‍ ഉന്നത നിലവാരത്തില്‍ നടത്തുവാനുള്ള ചാലകശക്തി.
യൗവന കാലത്ത് തന്നെ വാര്‍ത്താവിതരണത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് മികവു തെളിയിച്ച പാരമ്പര്യമുള്ള സുനില്‍ ട്രൈസ്റ്റാര്‍ പ്രസിഡന്റായുള്ള പ്രസ്‌ക്ലബിന്റെ ന്യൂജേഴിസി സമ്മേളനം നല്ല നിലവാരം പുലര്‍ത്തുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ആശംസകള്‍ നേരുന്നു.
India Press Club of North America 11th International Media Conference, My Perspective













