ഗ്രീൻ കാർഡുണ്ട്, ​30 വർഷമായി യുഎസിൽ, ഇന്ത്യൻ വംശജൻ അറസ്റ്റിൽ; പ്രതിഷേധം ശക്തമാക്കി കുടുംബം

ഗ്രീൻ കാർഡുണ്ട്, ​30 വർഷമായി യുഎസിൽ, ഇന്ത്യൻ വംശജൻ അറസ്റ്റിൽ; പ്രതിഷേധം ശക്തമാക്കി കുടുംബം

ഷിക്കാഗോ: കഴിഞ്ഞ 30 വർഷമായി അമേരിക്കയിൽ താമസിക്കുകയും ബിസിനസ് നടത്തുകയും ചെയ്യുന്ന ഇന്ത്യൻ വംശജനായ പരംജിത് സിംഗ് ഒരു മാസത്തിലേറെയായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിൻ്റെ (ഐസിഇ) കസ്റ്റഡിയിൽ. ഗ്രീൻ കാർഡ് ഉടമയായ സിംഗിനെ തടങ്കലിലാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

​ഇൻഡ്യാനയിലെ ഫോർട്ട് വെയ്നിൽ മൂന്ന് പതിറ്റാണ്ടായി ബിസിനസ്സ് ചെയ്യുന്ന സിംഗിനെ ജൂലൈ 30-നാണ് ഷിക്കാഗോ ഓ’ഹെയർ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞുവെച്ചത്. വർഷത്തിൽ പലതവണ ഇന്ത്യയിലേക്ക് യാത്ര ചെയ്യാറുള്ള അദ്ദേഹം ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് അറസ്റ്റിലായത്.

‘നിയമവിരുദ്ധമായ തടങ്കൽ’

​സിംഗിൻ്റെ അഭിഭാഷകനായ ലൂയിസ് ആംഗെൽസ്, അദ്ദേഹത്തിൻ്റെ തടങ്കൽ നിയമവിരുദ്ധമാണെന്ന് ന്യൂസ് വീക്കിനോട് പറഞ്ഞു. തലച്ചോറിൽ ട്യൂമറുള്ളതും ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതും കാരണം അദ്ദേഹത്തിൻ്റെ ആരോഗ്യനില മോശമായിട്ടും സർക്കാർ ചികിത്സ നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

​അറസ്റ്റ് ചെയ്തതിൻ്റെ കാരണം വ്യക്തമല്ലെന്ന് കുടുംബാംഗങ്ങളും അഭിഭാഷകനും പറയുന്നു. പഴയൊരു സംഭവം മാത്രമാണ് സർക്കാർ ചൂണ്ടിക്കാട്ടിയതെന്നും, അതിൻ്റെ പേരിൽ സിംഗിനെ വീണ്ടും ശിക്ഷിക്കുന്നത് നീതിയല്ലെന്നും അവർ പറഞ്ഞു. “അതൊരു ചെറിയ കുറ്റകൃത്യമായിരുന്നു, അതിന് അദ്ദേഹം ഇതിനോടകം ശിക്ഷ അനുഭവിച്ചു കഴിഞ്ഞു,” ആംഗെൽസ് വ്യക്തമാക്കി.

ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കുടുംബം അറിഞ്ഞില്ല

​തടങ്കലിലാക്കിയതിന് ശേഷം സിംഗിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായി കുടുംബം പറയുന്നു. അഞ്ച് ദിവസത്തോളം വിമാനത്താവളത്തിനുള്ളിൽ തടഞ്ഞുവെച്ചതിന് ശേഷം അദ്ദേഹത്തിൻ്റെ നില വഷളായതിനെ തുടർന്ന് എമർജൻസി റൂമിലേക്ക് മാറ്റേണ്ടി വന്നു. എന്നാൽ, ഈ വിവരം കുടുംബത്തെ അറിയിച്ചില്ല. പിന്നീട് ആശുപത്രി ബിൽ ലഭിച്ചപ്പോൾ മാത്രമാണ് അവർ ഇക്കാര്യം അറിഞ്ഞത്. പരംജിത് സിംഗിൻ്റെ മോചനത്തിനായി കുടുംബവും സുഹൃത്തുക്കളും നിയമപോരാട്ടം തുടരുകയാണ്.

Share Email
Top