യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം ഒതുക്കിത്തീർക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ 

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം ഒതുക്കിത്തീർക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ 

 തൃശൂർ: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ അകാരണമായി അറസ്റ്റ് ചെയ്തു ക്രൂരമായ മർദ്ദിച്ച സംഭവം ഒതുക്കി തീർക്കാനായി 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ. 

കുന്നംകുളം പോലീസ്  സ്റ്റേഷനിൽ തനിക്കെതിരെ ഉണ്ടായ ക്രൂരമർദ്ദനം പുറംലോകത്തെ അറിയിക്കാതിരുന്നാൽ 20 ലക്ഷം രൂപ വരെ നൽകാമെന്ന് ഇടനിലക്കാർ മുഖേന തന്നെ അറിയിച്ചിരുന്നതായി മർദ്ദനമേറ്റ സുജിത്ത് വ്യക്തമാക്കി.

കൂടുതൽ പണം വേണമെങ്കിലും നല്‍കി കേസ് സെറ്റില്‍ ചെയ്യാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വഴി സൂചിപ്പിച്ചിരുന്നതായും സുജിത് പറയുന്നു. നേരിട്ടും ഇടനിലക്കാര്‍ വഴിയുമാണ് സ്വാധീനം ചെലുത്താന്‍ ശ്രമിച്ചത്.

പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വര്‍ഗീസിനെയും പൊലീസ് ഉദ്യോഗസ്ഥര്‍ സമീപിച്ചിരുന്നതായും യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായ വി എസ് സുജിത്ത് പറഞ്ഞു. പണം വാദ്ഗാനം ചെയ്തപ്പോള്‍ നിയമവഴിയില്‍ കാണാമെന്ന് തിരിച്ചു പറഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്തിരിയുകയായിരുന്നുവെന്നും സുജിത് പറഞ്ഞു.

കേസില്‍ പ്രതികളാക്കപ്പെട്ട നാലുപേര്‍ക്ക് പുറമെ, അന്ന് പൊലീസ് ഡ്രൈവറായിരുന്ന സുഹൈര്‍ കൂടി തന്നെ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത് കൂട്ടിച്ചേര്‍ത്തു.

റവന്യൂ വകുപ്പിലാണ് സുഹൈര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. തന്നെ മര്‍ദ്ദിച്ച അഞ്ചുപേര്‍ക്കെതിരെയും നടപടി വേണമെന്നും സുജിത് ആവശ്യപ്പെടുന്നു. 2023 ഏപ്രില്‍ അഞ്ചിനാണ്, യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന സുജിത്തിനെ പൊലീസുകാര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ചത്.

വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമര്‍ദ്ദനത്തിന് ഇടയാക്കിയത്

 കുന്നംകുളം സ്‌റ്റേഷനിലെ എസ്‌ഐ ആയിരുന്ന നൂഹ്മാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിപിഒ മാരായ സന്ദീപ്, സജീവ് എന്നിവര്‍ ചേര്‍ന്നാണ് അതിക്രൂരമായി സുജിത്തിനെ മര്‍ദിച്ചത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൂഴ്ത്തിയ പൊലീസ്, പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് സുജിത്തിന് കൈമാറിയത്.

ഈ മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ സുജിത്തിന്റെ കേള്‍വി ശക്തി നഷ്ടമാകുകയും ചെയ്തിരുന്നു. കോടതി നിര്‍ദേശപ്രകാരം എടുത്ത കേസില്‍ എസ് ഐ നുഹ്മാന്‍, സിപിഒമാരായ ശശിധരന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ പ്രതികളാണ്.

ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ക്രൂര മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ചുമത്തിയത്.

കൈ കൊണ്ട് അടിച്ചു എന്ന വകുപ്പു മാത്രമാണ് ചുമത്തിയത്. അന്വേഷണ റിപ്പോര്‍ട്ടില്‍ മൂന്നാംമുറ ശരിവച്ചിരുന്നു. നല്ല ഇടി കൊടുത്തു എന്നായിരുന്നു സംഭവം അന്വേഷിച്ച എസിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കുറ്റക്കാരെ സസ്‌പെന്‍ഡ് ചെയ്യാതെ, രണ്ടുവര്‍ഷത്തേക്ക് ശമ്പള വര്‍ധന തടയുക മാത്രമാണ് ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്തിനോട് ഒരു ക്രിമിനലിനോടു പോലും ചെയ്യരുതാത്ത തരത്തിലുള്ള ക്രൂരതയാണ് പൊലീസുകാര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. കേരളത്തെ ഞെട്ടിക്കുന്ന കസ്റ്റഡി പീഡനമാണ് നടന്നത്. ഇത്തരക്കാരെ സര്‍വീസില്‍ വെച്ചുപൊറുപ്പിക്കാന്‍ പാടില്ല. ഈ പൊലീസുകാരെ അടിയന്തരമായി സര്‍വീസില്‍ നിന്നും പുറത്താക്കണം. ഈ പുതിയ കാലത്താണ് ഇത്തരമൊരു ക്രൂരമര്‍ദ്ദനമുണ്ടായത്. മര്‍ദ്ദനത്തിന്റെ കാരണം പൊലീസിനു പോലും പറയാനില്ല.

പൊലീസുകാരെ പുറത്താക്കിയില്ലെങ്കില്‍ ഏതറ്റം വരെയുള്ള സമരത്തിനും കോണ്‍ഗ്രസ് തയ്യാറാകുമെന്നും, ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

It is revealed that a bribe of Rs 20 lakh was offered to settle the brutal beating of the Youth Congress constituency president.

Share Email
Top