ദോഹയിലെ ഇസ്രയേൽ ആക്രമണം: ആറുപേർ കൊല്ലപ്പെട്ടു; ഖത്തർ, ഇസ്രയേൽ പ്രധാനമന്ത്രിമാരെ വിളിച്ച് ട്രംപ്; ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റിന്റെ ഉറപ്പ്

ദോഹയിലെ ഇസ്രയേൽ ആക്രമണം: ആറുപേർ കൊല്ലപ്പെട്ടു; ഖത്തർ, ഇസ്രയേൽ പ്രധാനമന്ത്രിമാരെ വിളിച്ച് ട്രംപ്;  ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റിന്റെ ഉറപ്പ്

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിലെ കത്താരയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് അംഗങ്ങളടക്കം ആറുപേർ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവർ ഹമാസ് നേതൃത്വത്തിന്റെ ഭാഗമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൊല്ലപ്പെട്ടവരുടെ പേരുകൾ:

  • ഹിമാം അൽഹയ്യ (ഹമാസ് ഗസ്സ നേതാവ് ഖലീൽ അൽഹയ്യയുടെ മകൻ)
  • ജിഹാദ് ലബാദ് അബു ബിലാൽ (അൽഹയ്യയുടെ ഓഫീസ് ഡയറക്ടർ)
  • അബ്ദുള്ള അബു ഖാലിൽ, മോമെൻ അബു ഒമർ, അഹമ്മദ് അബു മാലെക് (ഇവരുടെ മൂന്ന് കൂട്ടാളികൾ – സുരക്ഷാ ഗാർഡുകളോ ഉപദേഷ്ടാക്കളോ).

ഇസ്രയേലിന്റെ പ്രതികരണം: ഹമാസ് നേതാക്കളെ വകവരുത്താനായെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. കത്താരയിലെ ഹമാസ് നേതാക്കൾ ചർച്ച നടത്തിയ കെട്ടിടത്തിന് സമീപം 10 ബോംബുകൾ വർഷിച്ചതായി ഇസ്രയേലി ഉന്നതർ വ്യക്തമാക്കി. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് നടത്തിയ അപ്രതീക്ഷിത ആക്രമണമാണിതെന്നാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പറയുന്നത്. ഇസ്രയേൽ സുരക്ഷാ ഏജൻസിയായ ഷിൻബത്തുമായി ചേർന്നാണ് ഈ ആക്രമണം നടത്തിയതെന്നും ഐഡിഎഫ് അറിയിച്ചു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ആക്രമണത്തെ “തിന്മയുടെ അച്ചുതണ്ടിന് ശക്തമായ അടി” എന്ന് വിശേഷിപ്പിച്ചു. ഹമാസിനെ തോൽപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സ മേധാവിയായ ഖലീൽ അൽഹയ്യയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

അതേസമയം, ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ നിർദേശങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിൽ പങ്കെടുത്തവരെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്ന് ഹമാസ് ആരോപിച്ചു.

ട്രംപിന്റെ പ്രതികരണം: ആക്രമണത്തിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി എന്നിവരുമായി ഫോണിൽ സംസാരിച്ചു.

ഇനി ഖത്തറിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ട്രംപ് ഉറപ്പുനൽകിയതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് അറിയിച്ചു. സ്വതന്ത്ര പരമാധികാര രാഷ്ട്രവും അമേരിക്കയുടെ സഖ്യകക്ഷിയുമായ ഖത്തറിനു നേരെ നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെ ട്രംപ് അപലപിച്ചു.

ഖത്തറിന്റെ പ്രതികരണം: ഈ ആക്രമണത്തെ ഖത്തർ “ഭീരുത്വപരമായ” നടപടിയെന്ന് അപലപിച്ചു. ഇസ്രയേലുമായി നടന്നിരുന്ന മധ്യസ്ഥ ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി ഖത്തർ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം ക്രിമിനൽ ആക്രമണങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഖത്തറിൻ്റെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളി അനുവദിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

ഗാസയിലെ സ്ഥിതിഗതികൾ: ഒക്ടോബർ 7-ലെ ആക്രമണത്തിന് ഉത്തരവാദികളായ ഹമാസ് നേതാക്കൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ഐഡിഎഫ് ആവർത്തിച്ചു. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കം തുടരുകയാണ്. ഫലസ്തീനികൾ തെക്കൻ മേഖലയിലേക്ക് മാറണമെന്ന മുന്നറിയിപ്പിനെ തുടർന്ന് പലായനം തുടരുകയാണ്. അതേസമയം, ഹമാസിനോട് എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടു. മധ്യ പൂർവേഷ്യയിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് യുഎസ് സൈന്യം ഖത്തറുമായി അടുത്ത് സഹകരിക്കുന്നുണ്ടെന്നും, ഏതെങ്കിലും ആക്രമണ നീക്കം ശ്രദ്ധയിൽപ്പെട്ടാൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഖത്തർ അധികൃതർ യുഎസിനെ അറിയിച്ചതായും വൈറ്റ് ഹൗസ് വെളിപ്പെടുത്തി. പ്രദേശത്തെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് വ്യക്തമാക്കി.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അറിവും സമ്മതവും ഉണ്ടായിരുന്നുവെന്ന ചർച്ച കൊഴുക്കുന്നു. ട്രംപിൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലെ പോസ്റ്റും സമാന വാദം ശരിവക്കുന്നതാണ്. ഹമാസിന് വെടിനിർത്തൽ ധാരണകൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രണ്ട് ദിവസം മുമ്പ് അവസാന മുന്നറിയിപ്പ് നൽകിയിരുന്നു.

Israeli attack in Doha: Six killed; Trump calls Qatari and Israeli prime ministers; US President assures there will be no more attacks

Share Email
LATEST
More Articles
Top