ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ തമിഴ്നാട് വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ കൂടുതൽ പേർക്കെതിരെ പോലീസ് കേസെടുത്തു. ടി.വി.കെ. സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിൻ്റ് സെക്രട്ടറി സി.ടി. നിർമൽ കുമാർ എന്നിവർക്കെതിരെയാണ് ഏറ്റവും ഒടുവിലായി കേസ് രജിസ്റ്റർ ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ , മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ടി.വി.കെ.യുടെ കരൂർ സെക്രട്ടറിക്കെതിരെയും കേസെടുത്തിരുന്നു.
ദുരന്തത്തിൽ പരിക്കേറ്റവരെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ചു. തുടർന്ന് മോർച്ചറിയിലെത്തി മരിച്ച 39 പേർക്ക് അന്തിമോപചാരം അർപ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. മരിച്ച 39 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും കരൂർ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്, കൂടാതെ പോലീസ് അന്വേഷണവും ശക്തമായി തുടരുകയാണ്.
അതേസമയം, ദുരന്തത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.എ.ഡി.എം.കെ. രംഗത്തെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം സംസാരിച്ച പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി (ഇ.പി.എസ്.) പോലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ചു. ഡി.എം.കെ. പരിപാടികൾക്ക് മാത്രമാണ് പോലീസ് സുരക്ഷയൊരുക്കുന്നത് എന്നും, വിജയ്‌യുടെ യോഗത്തിൻ്റെ തുടക്കത്തിൽ ആംബുലൻസ് വന്നതിൽ സംശയങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













