വാഷിംഗ്ടൺ: ചൈനയ്ക്കും ഇന്ത്യയ്ക്കും എതിരെ 100 ശതമാനം വരെ ഇറക്കുമതി ചുങ്കം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെതിരെ സമ്മർദ്ദം ചെലുത്തുന്നതിനുള്ള തന്ത്രമായാണ് ഈ നീക്കമെന്ന് യുഎസ് ഉദ്യോഗസ്ഥരെയും ഒരു യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞനെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
ബ്രസ്സൽസുമായി സഹകരിച്ച് ഇറക്കുമതി ചുങ്കം ഏർപ്പെടുത്താൻ തങ്ങൾ തയ്യാറാണെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ യൂറോപ്യൻ പങ്കാളികൾ സഹകരിച്ചാൽ മാത്രമേ ഇത് നടപ്പിലാക്കൂ എന്നും അവർ വ്യക്തമാക്കി. “ചൈന എണ്ണ വാങ്ങുന്നത് നിർത്താൻ സമ്മതിക്കുന്നത് വരെ നാമെല്ലാവരും കനത്ത ചുങ്കങ്ങൾ ചുമത്തണം,” ട്രംപ് പറഞ്ഞു.
വാഷിംഗ്ടണിലെത്തിയ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയിലാണ് ട്രംപ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ബ്രസ്സൽസ് സമാനമായ ചുങ്കങ്ങൾ ഏർപ്പെടുത്തിയാൽ, തങ്ങളും അങ്ങനെ ചെയ്യാൻ തയ്യാറാണെന്ന് വാഷിംഗ്ടൺ സൂചിപ്പിച്ചതായി ഒരു യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞൻ പറഞ്ഞു.