പാലക്കാട്: സ്മാർട് സിറ്റി വ്യവസായ കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ആളുകൾ എത്താത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. ഇത്രയും വലിയ പരിപാടിയുടെ ഗൗരവം ഉൾക്കൊള്ളാൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇതൊക്കെ കാണുമ്പോൾ കുറച്ചധികം പറയാനുണ്ട്. എന്നാൽ ഇപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെയാണോ പരിപാടി നടത്തേണ്ടത് ?’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ‘നാടിന്റെ വികസനം ജനങ്ങൾ അറിയാതിരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. ഇതുമൂലം അറിയേണ്ടവർക്ക് വിവരങ്ങൾ ലഭിക്കാതെ പോകുന്നു’ – എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിന്റെ വ്യവസായ മേഖലയിലെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ മുഖ്യമന്ത്രി, ഇത്തരം പരിപാടികളെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുന്നവർക്കെതിരെ ആഞ്ഞടിച്ചു. ‘സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ഇത്തരം അവസരങ്ങളിൽ പങ്കെടുക്കേണ്ടവർ എത്താതിരിക്കുന്നത് ഖേദകരമാണ്’ – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.