ഹോളിവുഡ് നടൻ മാത്യു പെറിയുടെ മരണത്തിൽ കുറ്റസമ്മതം നടത്തി ‘കെറ്റാമൈൻ ക്വീൻ’, 65 വർഷം വരെ തടവ് ലഭിച്ചേക്കാം

ഹോളിവുഡ് നടൻ മാത്യു പെറിയുടെ മരണത്തിൽ കുറ്റസമ്മതം നടത്തി ‘കെറ്റാമൈൻ ക്വീൻ’, 65 വർഷം വരെ തടവ് ലഭിച്ചേക്കാം

ലോസാഞ്ചലസ്: ഹോളിവുഡ് നടൻ മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് ജസ്വീൻ സംഗ (42) കോടതിയിൽ കുറ്റം സമ്മതിച്ചു. ‘ഫ്രണ്ട്സ്’ എന്ന ജനപ്രിയ സീരീസിലെ ചാൻഡ്ലർ ബിങ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ പെറിയുടെ മരണത്തിന് കാരണമായ കെറ്റാമൈൻ വിതരണം ചെയ്തത് താനാണെന്ന് ജസ്വീൻ വെളിപ്പെടുത്തി. ലഹരിമരുന്നിന്റെ അനധികൃത വിൽപനയ്ക്കായി ‘സ്റ്റാഷ് ഹൗസ്’ നടത്തിയിരുന്നതായും അവർ കോടതിയിൽ സമ്മതിച്ചു. അഞ്ച് കുറ്റകൃത്യങ്ങളിൽ കുറ്റസമ്മതം നടത്തിയ ജസ്വീന് 65 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. കേസിൽ കുറ്റാരോപിതരായ അഞ്ച് പ്രതികളിൽ അവസാനത്തെ ആളാണ് ജസ്വീൻ, മറ്റുള്ളവർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു.

2023 ഒക്ടോബറിൽ ലോസാഞ്ചലസിലെ വസതിയിലെ ബാത്ത് ടബ്ബിൽ മാത്യു പെറിയെ (54) ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ സഹായിയാണ് പൊലീസിനെ വിവരമറിയിച്ചത്. പെറി ദീർഘകാലം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി, ഇത് കേസിൽ നിർണായകമായി. 1994 മുതൽ 2004 വരെ 10 സീസണുകളിലായി പുറത്തിറങ്ങിയ ‘ഫ്രണ്ട്സ്’ സീരീസാണ് പെറിയെ പ്രശസ്തനാക്കിയത്. ‘ഫൂൾസ് റഷ് ഇൻ’, ‘ദി വോൾ നയൺ യാർഡ്‌സ്’ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Share Email
Top