സുരേന്ദ്രൻ നായർ (കെ.എച്ച്.എൻ.എ മീഡിയ)
ടാമ്പാ: സനാതന ധർമ്മ പ്രചാരണത്തിന്റെ രജതജൂബിലി പൂർത്തീകരിച്ച കെ.എച്ച്.എൻ.എ. യുടെ പതിനാലാമതു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണനും സംഘത്തിനും നിലവിലെ പ്രസിഡന്റ് ഡോ: നിഷ പിള്ളയുടെയും സഹഭാരവാഹികളുടെയും ഔപചാരികമായ അധികാര കൈമാറ്റം ഒക്ടോബർ 4 ശനിയാഴ്ച്ച ടാമ്പായിൽ നടക്കുന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ഹൈന്ദവ സദസ്സിൽ വച്ച് വിവിധ പരിപാടികളോടെ നിർവഹിക്കപ്പെടുന്നു.
അറ്റ്ലാന്റിക് സിറ്റിയിൽ നടന്ന കെ.എച്ച്.എൻ.എ. ഗ്ലോബൽ സംഗമത്തിന്റെ സമാപനത്തോടെ സംഘടനയുടെ പവിത്ര പതാക ഡോ: നിഷ പിള്ളയിൽ നിന്നും നിയുക്ത പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ആചാരവിധികളോടെ ഏറ്റുവാങ്ങിയതോടെ ആരംഭിച്ച അധികാര കൈമാറ്റ നടപടികൾ ടാമ്പയിലെ റെക്കോർഡുകളുടെ കൈമാറ്റത്തോടെ പൂർത്തിയാകുന്നു.
സംഘടനയുടെ ഭരണ തുടർച്ച ഉറപ്പാക്കാനും ആധികാരകൈമാറ്റ നടപടികൾ സുഗമമാക്കാനും നിയുക്തമായിട്ടുള്ള ട്രസ്‌റ്റി ബോർഡ് ഭാരവാഹികളായ ഗോപിനാഥ കുറുപ്പ് ഡോ: രഞ്ജിനി പിള്ള, രതീഷ് നായർ, സുധ കർത്ത തുടങ്ങിയവർ നേതൃത്വം നൽകുന്ന സദസ്സിൽ വച്ച് പ്രസിഡന്റിനെ കൂടാതെ സെക്രട്ടറി സിനു നായർ വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ ട്രഷറർ അശോക് മേനോൻ ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ ജോയിന്റ് ട്രഷറർ അപ്പുകുട്ടൻ പിള്ള ട്രസ്‌റ്റി ബോർഡിന്റെ പുതിയ ചെയർ പേഴ്സൺ വനജ നായർ സെക്രട്ടറി സുധിർ പ്രയാഗ ജുഡീഷ്യൽ കൺസിൽ അംഗങ്ങളായ സുധാ കർത്താ രാമദാസ് പിള്ള ,ഗോപാലൻ നായർ എന്നിവരും സ്ഥാനങ്ങൾ ഏറ്റെടുക്കുന്നു.
പന്ത്രണ്ടു സംവത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം അമേരിക്കയുടെ കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലേക്കു മടങ്ങിയെത്തുന്ന കെ.എച്ച്.എൻ.എ. യുടെ ദേശിയ കൺവെൻഷനെ വരവേൽക്കാൻ ഫ്ലോറിഡയിലെ ഹിന്ദു സംഘടനകളും മലയാളി സമൂഹവും വലിയ ആവേശത്തിലാണ്. അധികാര കൈമാറ്റവും വിവിധ വിചാര സഭകളും തുടർന്ന് വ്യത്യസ്തമായ കലാപരിപാടികളുമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
അധികാരം ഒഴിയുന്ന വിവിധ സമിതികളിലെ അംഗങ്ങളെയും തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളെയും കൂടാതെ മുൻ ഭാരവാഹികളും പ്രത്യേകം ക്ഷണിതാക്കളും പ്രാദേശിക സംഘടനാ നേതാക്കളും ഉൾപ്പെടെ മുന്നൂറോളം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
KHNA Handover Ceremony and Diwali Celebration in Tampa on October 4