നാഷ്‌വിൽ: തെറ്റായി എൽ സാൽവഡോറിലേക്ക് നാടുകടത്തപ്പെടുകയും പിന്നീട് തിരികെ അമേരിക്കയിൽ എത്തിക്കുകയും ചെയ്ത കിൽമർ അബ്രെഗോ ഗാർസിയയെ വിർജീനിയയിലെ തടങ്കൽ കേന്ദ്രത്തിൽ നിന്ന് പെൻസിൽവാനിയയിലെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിൽ ഗാർസിയയുടെ കേസ് ഒരു പ്രധാന വിഷയമായിരുന്നു.
അബ്രെഗോ ഗാർസിയയെ ഫിലിപ്‌സ്ബർഗിലെ മോഷാനൻ വാലി പ്രോസസ്സിംഗ് സെന്ററിലേക്ക് മാറ്റിയതായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) അദ്ദേഹത്തിന്റെ അഭിഭാഷകരെ വെള്ളിയാഴ്ച അറിയിച്ചു. ഈ സ്ഥലം അഭിഭാഷകർക്ക് അദ്ദേഹത്തെ സമീപിക്കാൻ എളുപ്പമാക്കുമെന്നും ICE അറിയിച്ചു. എന്നാൽ, മോഷാനൻ കേന്ദ്രത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ഗാർസിയയുടെ അഭിഭാഷകർ ആശങ്ക പ്രകടിപ്പിച്ചു. അടുത്തിടെയായി ഇവിടെ “ആക്രമണങ്ങൾ, മതിയായ വൈദ്യസഹായത്തിന്റെ അഭാവം, പോഷകാഹാരക്കുറവ്” എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഫെഡറൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
അബ്രെഗോ ഗാർസിയ എം.എസ്. 13 ഗാംഗിൽ അംഗമായിരുന്നുവെന്ന് ട്രംപ് ഭരണകൂടം ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം അദ്ദേഹം നിഷേധിച്ചിരുന്നു. ഗാംഗ് അംഗത്വത്തിന് അദ്ദേഹത്തിനെതിരെ കേസൊന്നും ചുമത്തിയിട്ടില്ല.
ഈ കേസ് അസംബന്ധവും പ്രതികാര നടപടിയുമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വിശേഷിപ്പിച്ചു.
 













