സോൾ: തന്റെ രാജ്യം ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന് വാഷിംഗ്ടൺ നിർബന്ധം പിടിച്ചില്ലെങ്കിൽ യുഎസുമായി സംഭാഷണം നടത്തുന്നതിൽ വിരോധമില്ലെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. എന്നാൽ, ഉപരോധങ്ങളിൽ നിന്ന് മുക്തി നേടാൻ ആണവായുധ ശേഖരം ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കിമ്മിന്റെ ഈ അഭിപ്രായം തിങ്കളാഴ്ചയാണ് ഉത്തര കൊറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ, “വ്യക്തിപരമായി എനിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ച് നല്ല ഓർമ്മകളാണുള്ളത്,” കിം പറഞ്ഞതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവിൽ ഇരു നേതാക്കളും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉത്തര കൊറിയയുമായുള്ള സമാധാന ചർച്ചകൾ ആറ് വർഷം മുൻപ് ഉപരോധങ്ങളെയും ആണവായുധങ്ങളെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിലച്ചിരുന്നു. അതിനുശേഷം ഉത്തര കൊറിയയുമായി സംഭാഷണം പുനരാരംഭിക്കാൻ മുൻകൈ എടുക്കണമെന്ന് സോളിലെ പുതിയ ലിബറൽ സർക്കാർ ട്രംപിനോട് ആവശ്യപ്പെടുന്ന സമയത്താണ് കിമ്മിന്റെ ഈ പ്രതികരണം വരുന്നത്.
“യുഎസ് ഞങ്ങളെ ആണവായുധങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കുകയും യാഥാർത്ഥ്യം അംഗീകരിക്കുകയും യഥാർത്ഥ സമാധാനപരമായ സഹവർത്തിത്വം ആഗ്രഹിക്കുകയും ചെയ്താൽ, യുഎസുമായി ചർച്ച നടത്താതിരിക്കാൻ ഞങ്ങൾക്ക് ഒരു കാരണവുമില്ല,” കിം പറഞ്ഞതായി ഉദ്ധരിക്കുന്നു.
യുഎസിൻ്റെയും ദക്ഷിണ കൊറിയയുടെയും ഭീഷണികളിൽ നിന്ന് തൻ്റെ രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ ആണവായുധങ്ങൾ നിർമ്മിക്കേണ്ടത് അതിജീവനത്തിൻ്റെ പ്രശ്നമാണെന്ന് കിം പറഞ്ഞു. ആണവ യുദ്ധത്തിനുള്ള സൈനികാഭ്യാസങ്ങളാണ് സഖ്യകക്ഷികൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വാഷിംഗ്ടണും സോളും സംഭാഷണത്തിന് സമീപിക്കുന്നത് ആത്മാർത്ഥതയോടെയല്ലെന്ന് കിം പറഞ്ഞു. കാരണം ഉത്തര കൊറിയയെ ദുർബലമാക്കാനും തൻ്റെ ഭരണകൂടത്തെ നശിപ്പിക്കാനുമുള്ള അവരുടെ അടിസ്ഥാനപരമായ ലക്ഷ്യം മാറിയിട്ടില്ല.
ഉത്തര കൊറിയയുടെ ആണവ പദ്ധതികൾ അവസാനിപ്പിക്കാനുള്ള ദക്ഷിണ കൊറിയയുടെ ഘട്ടംഘട്ടമായുള്ള നിർദ്ദേശം അതിൻ്റെ തെളിവാണെന്നും കിം പറഞ്ഞു.
“ഒരു രാജ്യത്തിൻ്റെ ആണവായുധങ്ങൾ ഉപേക്ഷിപ്പിച്ച് അതിനെ നിരായുധമാക്കിയ ശേഷം യുഎസ് എന്താണ് ചെയ്യുന്നതെന്ന് ലോകത്തിന് നന്നായി അറിയാം,” കിം പറഞ്ഞു. “ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ ആണവായുധങ്ങൾ ഉപേക്ഷിക്കില്ല.” – അദ്ദേഹം വ്യക്തമാക്കി.