തൃശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജിത്തിനെ കസ്റ്റഡിയിലെടുത്ത് മർദിച്ച നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ക്രിമിനൽ കേസിൽ പ്രതികളായ എസ് ഐ നുഹ്മാൻ , സിപി ഒമാരായ ശശിധരൻ, കെജെ സജീവൻ, എസ് സന്ദീപ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്ത് ഉത്തരവിറങ്ങിയത്. തൃശൂർ റേഞ്ച് ഡി.ഐ.ജി.യാണ് നടപടിക്ക് ശുപാർശ ചെയ്തത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്നാണ് പോലീസുകാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
2023 ഏപ്രിൽ 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോൾ അത് ചോദ്യം ചെയ്തതിനാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായ വി.എസ്. സുജിത്തിനെ കസ്റ്റഡിയിലെടുത്തത്. കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് നാല് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് സുജിത്തിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദമായത്. എസ്.ഐ. നൂഹ്മാൻ, സി.പി.ഒ.മാരായ സജീവൻ, എസ്. സന്ദീപ്, സീനിയർ സി.പി.ഒ. ശശീന്ദ്രൻ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ സുജിത്തിന് കേൾവിക്ക് തകരാർ സംഭവിച്ചിരുന്നു.
സുജിത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നത്. പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. സുജിത്തിന് മർദ്ദനമേറ്റതായി കോടതിയും മനുഷ്യാവകാശ കമ്മീഷനും കണ്ടെത്തിയിട്ടുണ്ട്.