വാഷിംഗ്ടൺ: ചെലവ് ചുരുക്കലിന്റെ പേരിൽ പിരിച്ചുവിട്ട നൂറുകണക്കിന് ഫെഡറൽ ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം. ഡോണൾഡ് ട്രംപിന്റെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി (DOGE) യുടെ ചുമതലയുണ്ടായിരുന്ന ഇലോൺ മസ്കിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ ജീവനക്കാരെ പിരിച്ചുവിട്ടത്. സർക്കാർ ഓഫീസ് കെട്ടിടങ്ങളുടെ ചുമതലയുള്ള ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (GSA) ആണ് ജീവനക്കാർക്ക് ഈ നിർദേശം നൽകിയത്.
ഒക്ടോബർ 6-ന് ജോലിയിൽ പ്രവേശിക്കണം
ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള ഓഫർ ഈ ആഴ്ച അവസാനം വരെ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. ഓഫർ സ്വീകരിക്കുന്നവർ ഒക്ടോബർ 6-ന് ജോലിയിൽ പ്രവേശിക്കണം. ഇതോടെ ഇവർക്ക് ഏഴ് മാസത്തെ ശമ്പളത്തോടുകൂടിയ അവധിക്കാലം ലഭിച്ചതിന് തുല്യമാകും. ഈ കാലയളവിൽ, GSA തങ്ങളുടെ കരാർ അവസാനിച്ച കെട്ടിടങ്ങളിൽ താമസം തുടർന്നതിനാൽ നികുതിദായകർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായി.
ഏജൻസി തകർന്നുപോയി
”അവസാനം സംഭവിച്ചത് എന്തെന്നാൽ, ഈ ഏജൻസി തകർന്നു, ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത അവസ്ഥയിലായി,” മുൻ GSA റിയൽ എസ്റ്റേറ്റ് ഉദ്യോഗസ്ഥനായ ചാഡ് ബെക്കർ ഈ വിഷയത്തിൽ പ്രതികരിച്ചു. “അടിസ്ഥാനപരമായ ജോലികൾ ചെയ്യാൻ പോലും അവർക്ക് ആളുണ്ടായിരുന്നില്ല. GSA മാസങ്ങളായി ‘ട്രയാജ് മോഡിൽ’ ആയിരുന്നു, മസ്കിന്റെ DOGE അതിരുകടന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.