ജമ്മു കശ്മീരിൽ പ്രധാന റോഡുകളിൽ വൻതോതിലുള്ള മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും മൂലം ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് നിരവധി പേർ കുടുങ്ങി. രജൗരിയിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു. ശ്രീനഗർ-ജമ്മു ദേശീയ പാത ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഒരാഴ്ച അടച്ചിട്ട് ഞായറാഴ്ച ഭാഗികമായി തുറന്ന ഹൈവേയിൽ നൂറുകണക്കിന് വാഹനങ്ങൾ, ട്രക്കുകൾ ഉൾപ്പെടെ കുടുങ്ങി. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ മണ്ണിടിച്ചിലിലും മേഘവിസ്ഫോടനത്തിലും 170ലധികം പേർ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിലെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു. ഇത് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. തുടർച്ചയായ മഴയുടെ സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നു. അവരുമായി ചേർന്ന് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
വെള്ളത്തിനടിയിലായ പ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ ഒഴിപ്പിക്കുകയാണെന്ന് റിപ്പോർട്ട്. ജമ്മു കശ്മീർ പൊലീസ്, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, സൈന്യം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നദികൾ കവിഞ്ഞൊഴുകുകയും മലനിരകൾ പൊട്ടിപ്പുറപ്പെട്ടും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതായും റിപ്പോർട്ട് ചെയ്തു. മേഖലയിൽ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയും അപകട നിലയിൽ എത്തുകയും ചെയ്തിട്ടുണ്ട്.
Landslides and floods in Jammu and Kashmir; major roads blocked