ന്യൂയോർക്ക്: അമേരിക്കയുടെ മേൽനോട്ടത്തിൽ ‘ഗാസ റിവിയേര’ എന്ന പേര് നൽകി ഗാസ പുനർനിർമ്മിക്കാനുള്ള പദ്ധതിയുടെ വിവരങ്ങൾ പുറത്തുവന്നതിനെ പിന്നാലെ രൂക്ഷ വിമർശനം. ഈ പദ്ധതി 38 പേജുകളുള്ള വിവരങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയതാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധശേഷം ഗാസയെ ഒരു ആധുനിക സ്മാർട്ട് സിറ്റിയാക്കി മാറ്റാനും, ലക്ഷക്കണക്കിന് ആളുകളെ ഡിജിറ്റൽ ടോക്കൺ സംവിധാനത്തിലൂടെ മാറ്റിപ്പാർപ്പിക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതി, ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ, വൈറ്റ് ഹൗസോ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
‘ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്’ പിന്നിൽ പ്രവർത്തിക്കുന്ന ഇസ്രയേലുകാരാണ് ഈ പദ്ധതിക്ക് പിന്നിലെന്ന് വാഷിംഗ്ടൺ പോസ്റ്റ് ആരോപിക്കുന്നു. 2023 ഒക്ടോബർ 7ന് ശേഷം 60,000-ലേറെ പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്ത ഗാസയെ, വിനോദസഞ്ചാര-സാങ്കേതിക കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി. ‘ഗാസ റീ കൺസ്റ്റിറ്റ്യൂഷൻ, ഇക്കണോമിക് ആക്സലറേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ ട്രസ്റ്റ്’ (ഗ്രേറ്റ് ട്രസ്റ്റ്) എന്ന സംവിധാനത്തിന് കീഴിലാണ് ഈ പുനർനിർമ്മാണം ആസൂത്രണം ചെയ്യുന്നത്. പദ്ധതി പ്രകാരം, ഗാസ റിവിയേര പത്ത് വർഷത്തോളം അമേരിക്കയുടെ മേൽനോട്ടത്തിൽ നിയന്ത്രിക്കപ്പെടും, ഒരു ധ്രുവീകൃത പലസ്തീൻ രാഷ്ട്രീയ നേതൃത്വം ഉയർന്നുവരുന്നതുവരെ.
ഈ പദ്ധതി ലക്ഷക്കണക്കിന് പലസ്തീനികളെ തുടച്ചുനീക്കി ഗാസയെ പുതുക്കിപ്പണിയാനുള്ള ശ്രമമാണെന്നാണ് വിമർശകർ ആരോപിക്കുന്നത്. യുദ്ധത്തിന്റെ ദുരന്തങ്ങൾക്കിടയിൽ, ഗാസയുടെ ജനതയുടെ ദുരിതങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഈ നീക്കം മാനുഷിക പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്ക ശക്തമാണ്. പലസ്തീനികളുടെ അവകാശങ്ങളും സ്വത്വവും പരിഗണിക്കാതെ, വിദേശ ശക്തികളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഗാസയെ പുനർനിർമ്മിക്കാനുള്ള ശ്രമമാണ് ഗാസ റിവിയേര എന്നാണ് വിമർശനം.