ടെൽ അവീവ്: പലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകാനുള്ള ഫ്രാൻസിന്റെ തീരുമാനം പിൻവലിക്കണമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സആർ ആവശ്യപ്പെട്ടു. ഇതു പിൻവലിക്കുന്നതുവരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ ഇസ്രയേലിൽ സ്വാഗതം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിന്റെ നീക്കം മേഖലയെ ദുർബലപ്പെടുത്തുകയും ഇസ്രയേലിന്റെ ദേശീയ, സുരക്ഷാ താൽപ്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്നതായി സആറിന്റെ പ്രസ്താവനയിൽ പറയുന്നു. ഫ്രാൻസുമായി ഇസ്രയേൽ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ഇസ്രയേലിന്റെ സുരക്ഷയ്ക്കും ഭാവിക്കും അത്യന്താപേക്ഷിതമായ കാര്യങ്ങളിൽ ഫ്രാൻസ് തങ്ങളുടെ നിലപാടിനെ മാനിക്കണമെന്ന് സആർ പറഞ്ഞു.
പലസ്തീനെ അംഗീകരിക്കാനുള്ള നീക്കം ഫ്രാൻസ് ഉപേക്ഷിക്കുകയാണെങ്കിൽ മാത്രമേ മക്രോണിന്റെ സന്ദർശന അഭ്യർത്ഥന പരിഗണിക്കൂവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യവസ്ഥ വെച്ചതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, ഈ ആവശ്യം ഫ്രഞ്ച് പ്രസിഡന്റ് നിരസിച്ചു.
2023 ഒക്ടോബർ 7-ന് ഹമാസിന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടക്കൊലയോടെ ആരംഭിച്ച യുദ്ധം ഗാസയുടെ ഭൂരിഭാഗവും നശിപ്പിക്കുകയും വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിൽ ആക്രമണം അവസാനിപ്പിക്കാനായി ഇസ്രയേലിനുമേൽ സമ്മർദ്ദം വർദ്ധിച്ചുവരികയാണ്.
ആ മാസം നടക്കുന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി ഫ്രാൻസ് അംഗീകരിക്കുമെന്ന് മക്രോൺ പ്രഖ്യാപിച്ചിരുന്നു. പല രാജ്യങ്ങളും ഫ്രൻസിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
തർക്കവിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ഇസ്രയേലും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും(പിഎൽഒ) തമ്മിലുള്ള കരാറുകൾക്ക് വിരുദ്ധമാണ് ഇത്തരം നീക്കങ്ങളെന്ന് ‘അബു അലി എക്‌സ്പ്രസി’ന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞിരുന്നു.
‘എന്നാൽ അവർ ഞങ്ങൾക്ക് നേരെ ഏകപക്ഷീയമായ നടപടികൾ സ്വീകരിച്ചാൽ, ഞങ്ങളും അതുപോലെ ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കും. ഞങ്ങൾ എന്ത് ചെയ്യുമെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല.’ നെതന്യാഹു പറഞ്ഞു.
അതേസമയം, കാര്യങ്ങൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നത് ട്രംപ് ഭരണകൂടം പിന്തുണയ്ക്കുന്നുണ്ടോ എന്ന കാര്യത്തിൽ അഭിപ്രായം പറയില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
‘പലസ്തീൻ രാഷ്ട്രം ഉണ്ടാകാൻ പോകുന്നില്ല. കാരണം, എവിടെയെങ്കിലും ഒരു പത്രസമ്മേളനം നടത്തിയല്ല പലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാകേണ്ടത്. ഇത് സമാനമായ പ്രതികരണ നടപടികളിലേക്ക് നയിക്കുമെന്നും വെടിനിർത്തൽ കൂടുതൽ ദുഷ്‌കരമാക്കുമെന്നും ഞങ്ങൾ അവരോട് പറഞ്ഞിരുന്നു.’ മാർക്കോ റൂബിയോ പറഞ്ഞു.
Macron will not be allowed into Israel until France reverses decision to recognize Palestinian statehood, says foreign minister