മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി, തന്റെ പ്രിയപ്പെട്ട ‘369’ നമ്പർ ടൊയോട്ട ലാൻഡ് ക്രൂസർ ഓടിച്ച് ചെന്നൈ വിമാനത്താവളത്തിൽ എത്തി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക് പോകാനാണ് മെഗാസ്റ്റാർ എത്തിയത്. ഓറഞ്ച് ഷർട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന് വിമാനത്താവളത്തിൽ ആരാധകർ ഗംഭീര സ്വീകരണം നൽകി. ഒക്ടോബർ ഒന്നു മുതൽ ഹൈദരാബാദിൽ ആരംഭിക്കുന്ന ഷൂട്ടിങ് ഷെഡ്യൂളിൽ മമ്മൂട്ടി പങ്കെടുക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂളിനു ശേഷം, ചിത്രത്തിന്റെ ബാക്കി ഭാഗങ്ങൾക്കായി അദ്ദേഹം യുകെയിലേക്ക് യാത്ര തിരിക്കും. അസുഖ ബാധിതനായി 7 മാസത്തെ ചികിത്സക്ക് ശേഷമാണ് മെഗാസ്റ്റാർ വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നത്. അസുഖത്തിൽ നിന്ന് മമ്മൂട്ടി പൂർണ മുക്തി നേടിയത് മലയാളക്കരയിൽ വലിയ ആഘോഷമായിരുന്നു.
ഈ മാസം 25 വരെ യുകെയിൽ നടക്കുന്ന ഷൂട്ടിങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന കോമ്പിനേഷൻ രംഗങ്ങൾ ഉൾപ്പെടും. നവംബർ പകുതിയോടെ മമ്മൂട്ടി കേരളത്തിലേക്ക് മടങ്ങിയെത്തി, ചിത്രത്തിന്റെ ശേഷിക്കുന്ന ഷൂട്ടിങ്ങിൽ പങ്കെടുക്കും. “മമ്മൂക്ക ലൊക്കേഷനിലേക്ക് തിരിച്ചുവരുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. സിനിമയെക്കുറിച്ച് അധികം പ്രതീക്ഷകൾ നൽകുന്നില്ല, സിനിമ തന്നെ സംസാരിക്കട്ടെ,” സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു.