വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്ഥനും കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റുമായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെ ആഘോഷിക്കുന്ന വിദേശികള്‍ക്ക് മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. കിര്‍ക്കിന്റെ മരണത്തില്‍ ആഹ്‌ളാദം പ്രകടിപ്പിക്കുന്നര്‍ക്കെതിരെ വിമര്‍ശനവുമായി വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റൂബിയോയും ശക്തമായ പ്രതികരണവുമായെത്തിയത്.
കിര്‍ക്കിന്റെ കൊലപാതകത്തെ മഹത്വവല്‍കരിക്കുന്ന വിദേശികള്‍ക്ക് വിസ നിഷേധിക്കുമെന്നും ഇപ്പോള്‍ വീസ ഉടമകളായവരാണെങ്കില്‍ അത് റദ്ദാക്കുമെന്നും റൂബിയോ അറിയിച്ചു. അപേക്ഷകരുടെ സമൂഹമാധ്യമങ്ങളിലെ എല്ലാ വിവരങ്ങളും പരിശോധിക്കും . അവര്‍ അമേരിക്കന്‍ വിരുദ്ധരോ ജൂതവിരുദ്ധരോ ആണോ എന്ന കാര്യവും നിരീക്ഷിക്കും.
ഭീകരവാദബന്ധമുള്ളവരെയും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും നിരീക്ഷിക്കുമെന്നും ഭരണകൂടം വ്യക്തമാക്കി.
സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ് ലാന്‍ഡൗയും ഇതേ രീതിയിലുള്ള പ്രതികരണം നടത്തി. അക്രമത്തെയും വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുന്നവരെ രാജ്യത്തേക്കു സ്വാഗതം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറാനും നിര്‍ദേശിച്ചു.
Marco Rubio warns foreigners that visas will be revoked if they glorify Charlie Kirk’s murder