മഹാരാഷ്ട്രയിലെ സോളാപുർ ജില്ലയിൽ 38 വയസ്സുകാരനെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വ്യവസായി ഗോവിന്ദ് ജഗന്നാഥ് ബാർഗൊണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയായി രജിസ്റ്റർ ചെയ്ത കേസിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ 21 വയസ്സുകാരിയും നർത്തകിയുമായ പൂജ ദേവിദാസ് ഗെയ്ക്‌വാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോവിന്ദ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പർഗാവ് കലാകേന്ദ്രവുമായി ബന്ധപ്പെട്ട നർത്തകിയായ പൂജയുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. ഗോവിന്ദ് പൂജയ്ക്ക് സ്വർണാഭരണങ്ങളും ഏകദേശം രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും സമ്മാനിച്ചിരുന്നു. എന്നാൽ, മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിൽ പതിവായി വഴക്കിട്ടിരുന്നു. തിങ്കളാഴ്ച രാത്രി ഗോവിന്ദ് പൂജയുടെ വീട്ടിലേക്ക് കാറിൽ പോയതായും റിപ്പോർട്ടുണ്ട്.
ഗോവിന്ദിന്റെ മരണത്തിന് ശേഷം, അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ ലക്ഷ്മൺ ജഗന്നാഥ് ചവാൻ വൈരാഗ് പൊലീസിൽ പരാതി നൽകി. പൂജ ബലാത്സംഗ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഗോവിന്ദിനെ ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നതായി പരാതിയിൽ ആരോപിക്കുന്നു. ഇരുവരും അടുത്തിടെ ബന്ധപ്പെട്ടിരുന്നില്ലെന്നും, പൂജയുടെ തുടർച്ചയായ പീഡനങ്ങൾ മൂലം ഗോവിന്ദ് മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൂജയെ പൊലീസ് അറസ്റ്റ് ചെയ്തു.