(മിഷിഗൺ, യു.എസ്.): മിഷിഗണിലെ ഒരു പള്ളിയിൽ ഞായറാഴ്ച നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ അക്രമി ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തതിനെത്തുടർന്ന് 4 പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെറും 10 മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ ആക്രമണത്തിന് പിന്നാലെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി വെടിയേറ്റ് മരിച്ചു.
ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിൻ്റ്‌സ് പള്ളിയിലാണ് അതിഭീകരമായ സംഭവങ്ങൾ അരങ്ങേറിയത്. പ്രാദേശിക സമയം രാവിലെ 10:25 ഓടെ (ഇന്ത്യൻ സമയം രാത്രി 7:55 ഓടെ) അക്രമി തൻ്റെ ട്രക്ക് പള്ളിയിലേക്ക് ഇടിച്ചുകയറ്റിയ ശേഷം അസോൾട്ട് സ്‌റ്റൈൽ റൈഫിൾ ഉപയോഗിച്ച് ആളുകൾക്ക് നേരെ വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്യുകയായിരുന്നു. സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ട ശേഷമാണ് വെടിവെപ്പ് ആരംഭിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
വെടിയേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അക്രമി ബർട്ടൺ സ്വദേശിയായ തോമസ് ജേക്കബ് സാൻഫോർഡ് (40) ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. 2004 മുതൽ 2008 വരെ യു.എസ്. മറൈൻ സൈനികനായി ഇറാഖിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഇയാൾ. ഇയാളുടെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സംഭവം നടന്ന ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെ സമരത്തിലായിരുന്ന നഴ്സുമാർ പോലും സമരം മാറ്റിവെച്ച് പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ എത്തി. അക്രമത്തിൻ്റെ പിന്നിലെ കാരണം കണ്ടെത്താനായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













