വാഷിങ്ടൺ: ഗാസയിൽ ആക്രമണം തുടരുന്ന ഇസ്രായേൽ സൈന്യവുമായുള്ള നിർണായക സാങ്കേതിക സഹകരണം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചതായി റിപ്പോർട്ട്. പലസ്തീനികളെ കൂട്ടമായി നിരീക്ഷിക്കാൻ ഇസ്രായേൽ സൈന്യം തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ ഈ നടപടി. മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സേവനങ്ങൾ എന്നിവയിലേക്കുള്ള ഇസ്രായേൽ സൈന്യത്തിന്റെ പ്രവേശനം റദ്ദാക്കിയെന്ന് ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.
ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദശലക്ഷക്കണക്കിന് പലസ്തീൻ പൗരന്മാരുടെ ഫോൺ കോളുകൾ നിരീക്ഷിക്കുന്നതിന് മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രായേൽ സൈന്യം ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചത്. ഇസ്രായേൽ സൈന്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയായ യൂണിറ്റ് 8200 മൈക്രോസോഫ്റ്റിന്റെ അഷ്വർ ക്ലൗഡ് പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകം തയ്യാറാക്കിയ ഒരു ഭാഗം ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമമായ ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തത്.
2021-ൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും യൂണിറ്റ് 8200-ൻ്റെ അന്നത്തെ കമാൻഡറായിരുന്ന യോസി സരിയേലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ സാങ്കേതിക സഹകരണം ആരംഭിച്ചത്. ഈ സഹകരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്നിരുന്നാലും, ഗാസ സംഘർഷത്തിൽ മൈക്രോസോഫ്റ്റിന്റെ അഷ്വർ, എ.ഐ. സാങ്കേതികവിദ്യകൾ ആളുകളെ ലക്ഷ്യമിടാൻ ഉപയോഗിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു മൈക്രോസോഫ്റ്റ് മുൻപ് നൽകിയിരുന്ന വിശദീകരണം.
Microsoft ends technical cooperation with the Israeli military