ഐസിസിയുടെ ഓഗസ്റ്റ് മാസത്തിലെ മികച്ച താരമായി മുഹമ്മദ് സിറാജിനെ തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലെ അതുല്യ പ്രകടനമാണ് അദ്ദേഹത്തിന് ഈ ബഹുമതി നേടിക്കൊടുത്തത്. പ്രത്യേകിച്ച് ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിൽ നേടിയ മികവായിരുന്നു സിറാജിന്റെ കരിയറിലെ നിർണായക നിമിഷം. വനിതാ വിഭാഗത്തിൽ അയർലൻഡ് ഓൾറൗണ്ടർ ഓർല പ്രൻഡർഗാസ്റ്റാണ് മാസത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തത്.
സിറാജിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് അഞ്ചാം ടെസ്റ്റിൽ വിജയം സമ്മാനിക്കുകയും പരമ്പര സമനിലയിൽ എത്തിക്കുകയും ചെയ്തത്. ടെസ്റ്റിന്റെ അഞ്ചാം ദിവസം സിറാജ് പുറത്തെടുത്ത തകർപ്പൻ ബൗളിംഗ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതും, മൊത്തത്തിൽ ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയതുമാണ് അദ്ദേഹത്തെ കളിയിലെ താരമാക്കി. പരമ്പരയിലെ വിക്കറ്റ് വേട്ടയിലും 23 വിക്കറ്റുകളുമായി മുന്നിലെത്തിയത് സിറാജാണ്.
ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ച് ടെസ്റ്റും കളിച്ച ഏക പേസറാണ് സിറാജ്. ഇംഗ്ലണ്ട് നിരയിൽ പോലും ഒരാളും മുഴുവൻ മത്സരങ്ങളും കളിച്ചിരുന്നില്ല. ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് നിരയുടെ മുഖ്യ ആയുധമായിരുന്നു സിറാജ്. അഞ്ച് മത്സരങ്ങളിലായി 185.3 ഓവർ – അതായത് 1113 പന്തുകളാണ് അദ്ദേഹം എറിഞ്ഞത്. തന്റെ സ്ഥിരതയും ധൈര്യവും കൊണ്ട് ഇന്ത്യൻ ബൗളിംഗ് നിരയുടെ കരുത്തായാണ് സിറാജ് പരമ്പര മുഴുവൻ മാറിയത്.
Mohammed Siraj Named ICC Player of the Month for August