ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത നൂർ ഖാൻ വ്യോമതാവളത്തിന്റെ പുനർനിർമ്മാണം തുടങ്ങി, അമേരിക്കൻ ഏജൻസിയുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത നൂർ ഖാൻ വ്യോമതാവളത്തിന്റെ പുനർനിർമ്മാണം തുടങ്ങി, അമേരിക്കൻ ഏജൻസിയുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ഇസ്‌ലാമാബാദ്: ഇന്ത്യൻ വ്യോമസേനയുടെ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ തകർന്ന പാകിസ്ഥാനിലെ നൂർ ഖാൻ വ്യോമതാവളത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചതായി റിപ്പോർട്ട്. യുഎസ് ആസ്ഥാനമായ മാക്‌സർ ടെക്‌നോളജീസിന്റെ ഉപഗ്രഹ ചിത്രങ്ങളാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത്. റാവൽപിണ്ടിയിലെ തന്ത്രപ്രധാനമായ ഈ വ്യോമതാവളം, പാകിസ്ഥാന്റെ വിവിഐപി സ്ക്വാഡ്രൺ ‘ബുറാക്സ്’ പ്രവർത്തിക്കുന്ന കേന്ദ്രമാണ്. ആക്രമണത്തിന് ശേഷം നാല് മാസം പിന്നിട്ടിട്ടും പുനർനിർമ്മാണം പുരോഗമിക്കുകയാണെങ്കിലും, വ്യോമതാവളം തന്ത്രപരമായ പ്രവർത്തനങ്ങൾ തുടരുന്നതായി ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

നൂർ ഖാൻ എയർബേസ് പാകിസ്ഥാന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവികൾ, കാബിനറ്റ് മന്ത്രിമാർ തുടങ്ങിയ ഉന്നതരുടെ സുരക്ഷാ ഉത്തരവാദിത്തമുള്ള ഒരു പ്രധാന കേന്ദ്രമാണ്. ചൈനയിലെ എസ്‌സിഒ ഉച്ചകോടിക്കായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യാത്ര തിരിച്ചത് ഈ താവളത്തിൽ നിന്നാണ്. ഉപഗ്രഹ ചിത്രങ്ങളിൽ, പുനർനിർമ്മാണ മേഖലയ്ക്ക് സമീപം ബോംബാർഡിയർ ഗ്ലോബൽ 6000 വിവിഐപി ജെറ്റ് പാർക്ക് ചെയ്തിരിക്കുന്നതും വ്യക്തമാണ്. ഇന്ത്യയുടെ ആക്രമണത്തിൽ സൈനിക ട്രക്കുകൾ ഉൾപ്പെടെ വ്യോമതാവളത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

Share Email
Top