ജെൻ സി പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടരുന്നു, വെടിവെപ്പിൽ ഇതുവരെ 9 മരണം, നിരവധി പേർക്ക് പരിക്ക്; പ്രക്ഷോഭം നിയന്ത്രിക്കാൻ പട്ടാളം ഇറങ്ങി

ജെൻ സി പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടരുന്നു, വെടിവെപ്പിൽ ഇതുവരെ 9 മരണം, നിരവധി പേർക്ക് പരിക്ക്; പ്രക്ഷോഭം നിയന്ത്രിക്കാൻ പട്ടാളം ഇറങ്ങി

കഠ്മണ്ഡു: ദേശീയ സുരക്ഷയുടെ പേര് പറഞ്ഞ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നേപ്പാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനം യുവതലമുറയുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി. അഴിമതി അവസാനിപ്പിക്കണമെന്നും സോഷ്യൽ മീഡിയ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുള്ള ജെൻ സി പ്രക്ഷോഭം രാജ്യവ്യാപകമായി വ്യാപിക്കുകയാണ്. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ പൊലീസ് നടത്തിയ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം കൂടുതൽ രൂക്ഷമായി. തലസ്ഥാനമായ കഠ്മണ്ഡുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ യുവാക്കൾ ദേശീയ പതാകകൾ വീശിയും ദേശീയ ഗാനം ആലപിച്ചും അഴിമതിക്കും നിരോധനത്തിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. പാർലമെന്റിന്റെ നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കണ്ണീർ വാതകം പ്രയോഗിച്ച ശേഷം നടത്തിയ വെടിവയ്പിലാണ് 9 പേർ മരിച്ചത്, നൂറിലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തി പ്രാപിക്കുന്നതിനിടെ, സർക്കാർ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. യുവാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സുരക്ഷാ നടപടികൾ ശക്തമാക്കാനാണ് സർക്കാർ തീരുമാനം. കഠ്മണ്ഡുവിലെ പ്രധാന പ്രദേശങ്ങളിൽ പൊലീസ് സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങുന്നത് രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക സ്ഥിതിയെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ അടിയന്തര യോഗം വിളിച്ചു. യുവാക്കളുടെ പ്രക്ഷോഭം നേരിടാൻ പട്ടാളത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ് നേപ്പാൾ സർക്കാർ. പ്രധാന നഗരങ്ങളിൽ സൈന്യത്തെ ഇറക്കിയിട്ടുണ്ട്.

Share Email
LATEST
Top